'ചുരുളി' വിരിച്ച തണലിൽ തലശ്ശേരി
text_fieldsകണ്ണൂർ: ഇ.മ.യൗ, ജെല്ലിക്കെട്ട് തുടങ്ങിയ തെൻറ സിനിമകളെ വെല്ലുന്ന തരത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'ചുരുളി' നൽകിയ കാഴ്ചാസുഖത്തിെൻറ നിർവൃതിയിലായിരുന്നു തലശ്ശേരി. മനസ്സിെൻറ അടിസ്ഥാന ചേതനകളാൽ ഉഴലുന്ന മനുഷ്യെൻറ കഥയാണ് 'ചുരുളി'യുടെ ഇതിവൃത്തം. ഒരു കുറ്റവാളിയെ പിടികൂടാനായി കാടിനുള്ളിലെ കുഗ്രാമത്തിലേക്ക് വേഷംമാറി പോകുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങൾ സിനിമ ചർച്ച ചെയ്യുന്നു. അവരുടെ ഓരോ ചുവടുവെപ്പിലും ദുരൂഹത നിറഞ്ഞ പലരും കടന്നുവരുന്നതോടെ കാര്യങ്ങള്‍ സങ്കീർണമാവുന്നു.
തെറ്റുകള്‍ ശരിയായും ശരികള്‍ തെറ്റായും മാറിമറിയുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ആദ്യദിനത്തില്‍ 'ക്വോ വാഡിസ് ഐഡയും ഇന്‍ ബിറ്റ്വീന് ൈഡയിങ്ങു'മെല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയപ്പോള്‍ രണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ച 'ചുരുളി'യും കോസയും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് തികച്ചും വ്യത്യസ്ത അനുഭവമാണ്. ആദ്യ ദിനത്തേക്കാള്‍ സജീവമായിരുന്നു മേളയുടെ രണ്ടാം ദിനം. 'ചുരുളി'യുടെ തലശ്ശേരിയിലെ ആദ്യ പ്രദര്‍ശനത്തിനുണ്ടായ തിരക്ക് നിയന്ത്രണാതീതമായിരുന്നു. റിസർവ് ചെയ്യാത്തവര്‍പോലും പ്രദര്‍ശന ഹാളില്‍ കയറാനായി തിടുക്കംകൂട്ടി.
മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത കോസയാണ് പ്രേക്ഷക ശ്രദ്ധനേടിയ മറ്റൊരു ചിത്രം. മാവോവാദി വേട്ടയുടെ പശ്ചാത്തലത്തില്‍ ഛത്തിസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ദലിതരായ ആദിവാസി ബാലന്മാര്‍ക്കെതിരെയുള്ള പൊലീസ് നടപടികളെ ആസ്പദമാക്കിയുള്ളതാണ് കോസ.
ലോകസിനിമ വിഭാഗത്തില്‍ നെവര്‍ ഗൊണാ സ്നോ എഗെയ്ന്, ദ വുമണ്‍ ഹു റാന്‍, അണ്ഡീന്, നോവേര്‍ സ്പെഷല്‍, ഹൈ ഗ്രൗണ്ട്, എനദര്‍ റൗണ്ട് എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ കോസ, മെമ്മറി ഹൗസ്, ബേഡ് വാച്ചിങ്, റോം, ചുരുളി, ബിലെസുവര് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വിപിൻ അറ്റ്ലി തിരക്കഥയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ചെയർ കാണികളെ ആകർഷിച്ചു.
മരണത്തെ അത്യധികം ഭയക്കുന്ന മാർട്ടിൻ നേരിടുന്ന ഭയാശങ്കകളാണ് സിനിമ. ജനനം, മരണം, നിയോഗം എന്നീ മനുഷ്യ ജീവിതാവസ്ഥകളെ മാർട്ടിൻ എന്ന കഥാപാത്രത്തിലൂടെ സിനിമ അടയാളപ്പെടുത്തുന്നു. കെ.പി. കുമാരന് സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍, വിപിന്‍ ആറ്റ്ലിയുടെ മ്യൂസിക്കല്‍ ചെയര്‍, മഹേഷ് നാരായണെൻറ സീ യു സൂണ്‍ എന്നിവയാണ് രണ്ടാം ദിനത്തില്‍ മലയാള വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍.
ഉണ്ണികൃഷ്ണൻ നമ്പൂതിരി മുതൽ കിം കി വരെ; മൺമറഞ്ഞവർക്ക് മേളയുടെ ആദരം
ചലച്ചിത്ര മേളയിലെ സ്ഥിരം കൈയടികളിലൊന്ന് ദക്ഷിണ കൊറിയൻ സംവിധായകൻ കിംകി ഡുക്കിന് അവകാശപ്പെട്ടതായിരുന്നു. കിം കിയെ പോലെ പലരുമില്ലാതെയാണ് ഇത്തവണ മേളയെത്തുന്നത്. കഴിഞ്ഞ വർഷം മൺമറഞ്ഞ ചലച്ചിത്ര രംഗത്തെ പ്രമുഖർക്ക് മേള ആദരമർപ്പിച്ചു. ലിബർട്ടി തിയറ്റർ കോംപ്ലക്സിലെ പ്രത്യേക വേദിയിലാണ് ചലച്ചിത്ര പ്രവർത്തകരെ അനുസ്മരിച്ചത്. 'ദേശാടന'ത്തിലൂടെ മലയാളിയുടെ മനസ്സിൽ മുത്തച്ഛനായി ചേക്കേറിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ 'ദേശാടന'ത്തിെൻറ സംവിധായകൻ ജയരാജ് അനുസ്മരിച്ചു.
സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളിയെ സംവിധായകൻ സന്തോഷ് മണ്ടൂർ അനുസ്മരിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി, അഭിനേതാവ് അനിൽ നേടുമങ്ങാട്, ഫെർണാണ്ടസ് സൊളാനസ്, സൗമിത്ര ചാറ്റർജി, ഓസ്കർ ഇന്ത്യയിലേക്കെത്തിച്ച വസ്ത്രാലങ്കാരക ഭാനു അത്തയ്യ എന്നിവരെയും മേളയിൽ അനുസ്മരിച്ചു.
പരിപാടിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി സി. അജോയ്, ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൻ ഭവദാസൻ തുടങ്ങിയവർ പങ്കെടുത്തു. അയ്യപ്പനും കോശിയും, ചാരുലത, അഗ്രഹാരത്തിലെ കഴുത, കരി, മുൾക്ക്, നാഗ്രിക്ക്, കിസ, സൗത്ത്, സ്പ്രിങ് സമ്മര്‍ ഫാള്‍ വിൻറര്‍ ആന്‍ഡ് സ്പ്രിങ് എന്നീ ചിത്രങ്ങളാണ് മേളയിൽ ഹോമേജ് വിഭാഗത്തിൽ പ്രദർശനത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.