രാജ്യാന്തര ചലച്ചിത്രമേളക്ക് കൊച്ചിയിൽ ഇന്ന് തിരിതെളിയും
text_fieldsകൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ബുധനാഴ്ച തിരിതെളിയും . സാംസ്കാരിക മന്ത്രി എ.കെ. ബാലൻ മേളയുടെ ഉദ്ഘാടന കർമ്മം വൈകിട്ട് ആറിന് ഓൺലൈനായി നിർവഹിക്കും. കൊച്ചിയിലെ പ്രധാന വേദിയായ സരിത തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ പി.ടി. തോമസ്, എം. സ്വരാജ്, കെ.ജെ. മാക്സി , ജോൺ ഫെർണാണ്ടസ് എന്നിവർ ആശംസയർപ്പിക്കും. മേയർ എം. അനിൽകുമാർ ഫെസ്റ്റിവൽ ബുള്ളറ്റിനിന്റെ പ്രകാശനം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നൽകി നിർവഹിക്കും
ഐഎഫ്എഫ്കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചാണ് മേളയ്ക്ക് തുടക്കം കുറിക്കുന്നത്. സംവിധായകൻ കെ ജി ജോർജിന്റെ നേതൃത്വത്തിൽ മലയാളചലച്ചിത്രരംഗത്തെ 24 പ്രമുഖ വ്യക്തികൾ ചേർന്നാണ് തിരി തെളിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വൈസ് ചെയർപേഴ്സൺ ബീന പോൾ സെക്രട്ടറി അജോയ് ചന്ദ്രൻ ചലച്ചിത്ര സംഘടന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ? പ്രദർശിപ്പിക്കും. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്കരിക്കുന്ന ചിത്രം ചിത്രം മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെർമൽ സ്കാനിങ് ഉൾപ്പെടെ കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചാണ് ഉദ്ഘാടന ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.