കാഴ്ചോത്സവത്തിന് ഇന്ന് കൊടിയിറക്കം; സുവർണചകോരം, രജതചകോരം പുരസ്കാരം, കടുത്ത മത്സരവുമായി 'കൂഴങ്കൽ'
text_fieldsതിരുവനന്തപുരം: മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ ജീവിതവും ഇരകളിൽനിന്ന് അതിജീവനത്തിലേക്ക് കുതിച്ചവരുടെ കരുത്തുമായി എട്ടു ദിവസം സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കിയ രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരശ്ശീല വീഴും. ഇറാൻ, അഫ്ഗാനിസ്താൻ, തുർക്കി, റഷ്യ, നൈജീരിയ, ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളിൽനിന്നുള്ള 173 ചിത്രക്കാഴ്ചകൾക്കാണ് സമാപനമാകുന്നത്. കോവിഡ് വെല്ലുവിളികൾക്കുശേഷം അധികം നിയന്ത്രണങ്ങളില്ലാതെ നടത്തിയ ചലച്ചിത്രോത്സവം തലസ്ഥാനത്ത് തീർത്തത് ആഘോഷരാവുകളാണ്.
സുവർണ ചകോരം ഉൾപ്പെടെ ഒമ്പത് പുരസ്കാരങ്ങളാണ് ഇത്തവണയുള്ളത്. സുവർണചകോരത്തിനായുള്ള ശക്തമായ പോരാട്ടത്തിൽ വിദേശഭാഷ ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ ചിത്രങ്ങളുമുണ്ട്. മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കൂഴങ്കൽ' മേളയുടെ ഇഷ്ടചിത്രമായി മാറിയിട്ടുണ്ട്. 2022ൽ ഇന്ത്യയിൽനിന്ന് ഓസ്കർ എൻഡ്രി ലഭിച്ച ചിത്രമാണ് 'കൂഴങ്കൽ'. പുതുമുഖ സംവിധായകനുള്ള രജതചകോരത്തിനും വിനോദ് രാജ് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത് വനിത സംവിധായകരായിരുന്നു. സ്പാനിഷ് ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്, നതാലി അൽവാരിസ് മീസെൻ സംവിധാനം ചെയ്ത ക്ലാരാ സോല, ക്രോയേഷ്യൻ ചിത്രം മ്യൂറീന, ദിന അമീർ സംവിധാനം ചെയ്ത യു റീസെമ്പിൾ മി, കമീലാ ആന്റിനിയുടെ യൂനി, കോസ്റ്റ ബ്രാവ ലെബനൻ എന്നിവയും 20 ലക്ഷത്തിന്റെ സുവർണചകോരത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അപർണസെന് സംവിധാനം ചെയ്ത 'ദി റേപിസ്റ്റ്' പ്രതിനിധികളുടെ അഭ്യർഥന പ്രകാരം നാലാമതും അക്കാദമിക്ക് പ്രദർശിപ്പിക്കേണ്ടി വന്നു.
വ്യാഴാഴ്ച രാത്രി 12ന് നിശാഗന്ധിയിലായിരുന്നു പ്രദർശനം. വൈകീട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്യും. ഹോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖി മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.