ഐ.എഫ്.എഫ്.കെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സനൂസിക്ക്
text_fieldsതിരുവനന്തപുരം: 28ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് വിഖ്യാത പോളിഷ് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 10ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
യൂറോപ്യൻ സിനിമയിലെ അതികായനായ സനൂസിയുടെ ആറ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. പെർഫക്ട് നമ്പർ, ദ ഇല്യുമിനേഷൻ, ദ കോൺട്രാക്റ്റ്, ദ സ്പൈറൽ, ഫോറിൻ ബോഡി, എ ഇയർ ഓഫ് ദ ക്വയറ്റ് സൺ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 15ന് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
1984ലെ വെനീസ് മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം നേടിയ ചിത്രമാണ് ‘എ ഇയർ ഓഫ് ദ ക്വയറ്റ് സൺ’. ‘ദ കോൺസ്റ്റന്റ് ഫാക്ടർ’ കാൻ ചലച്ചിത്രമേളയിൽ പ്രത്യേകജൂറി പുരസ്കാരം നേടിയിട്ടുണ്ട്. തന്റെ സുഹൃത്തായ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ ‘കാമറ ബഫ്’ എന്ന സിനിമയിൽ താനായിതന്നെ സനൂസി വേഷമിട്ടിരുന്നു.
1980കളുടെ ഒടുവിൽ സ്വീഡിഷ് സംവിധായകൻ ഇംഗ്മർ ബെർഗ്മാനുമായി ചേർന്ന് സനൂസി യൂറോപ്യൻ ഫിലിം അക്കാദമി സ്ഥാപിച്ചു. ചലച്ചിത്രാധ്യാപകൻ കൂടിയായ സനൂസി ഇപ്പോൾ സ്വിറ്റ്സർലൻഡിലെ യൂറോപ്യൻ ഗ്രാജ്വേറ്റ് സ്കൂൾ, പോളണ്ടിലെ ക്രിസ്റ്റോഫ് കീസ്ലോവ്സ്കി ഫിലിം സ്കൂൾ എന്നിവിടങ്ങളിൽ പ്രഫസറാണ്. 1998ൽ നടന്ന ഐ.എഫ്.എഫ്.കെയിൽ സനൂസി പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.