തലശ്ശേരിയുടെ അക്ഷരമണ്ണിൽ ഇനി സിനിമകളുടെ വിസ്മയം
text_fieldsകണ്ണൂർ: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐ.എഫ്.എഫ്.കെ) തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും. വൈകീട്ട് ആറിന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ മേള ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് അക്കാദമി ചെയർമാൻ കമൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലിബർട്ടി തിയറ്റർ സമുച്ചയത്തിൽ 23 മുതൽ 27വരെയാണ് മേള.
ആദ്യമായി തലശ്ശേരി വേദിയാകുന്ന ചലച്ചിത്ര മാമാങ്കത്തിനുള്ള ഒരുക്കം പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ വൈകീട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കഥാകൃത്ത് ടി. പത്മനാഭൻ, അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുന റാണി എന്നിവർ സംബന്ധിക്കും.
ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം 'ക്വോ വാഡിസ് ഐഡി'യാണ് ഉദ്ഘാടന ചിത്രം. വിവിധ വിഭാഗങ്ങളിലായി 46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 23ന് രാവിലെ പ്രദർശനം തുടങ്ങും. എ.വി.കെ. നായർ റോഡിലെ ലിബർട്ടി സ്യൂട്ട്, ഗോൾഡ് പാരഡൈസ്, ലിറ്റിൽ പാരഡൈസ്, മിനി പാരഡൈസ് എന്നീ തിയറ്ററുകളിലും മഞ്ഞോടിയിലെ ലിബർട്ടി മൂവി ഹൗസിലുമാണ് പ്രദർശനം. മുഖ്യവേദിയായ ലിബർട്ടി കോംപ്ലക്സിൽ എക്സിബിഷൻ, ഓപൺ ഫോറം എന്നിവ നടക്കും.
മത്സരവിഭാഗങ്ങളിൽ മലയാളത്തിൽ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി', ജയരാജിെൻറ 'ഹാസ്യം' എന്നീ ചിത്രങ്ങൾ ഉൾപ്പെടെ 14 സിനിമകളാണുള്ളത്. മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'കോസ', അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രം ' സ്ഥൽ പുരാൺ' എന്നിവയും മത്സര വിഭാഗത്തിലുണ്ട്.
സമകാലിക ലോക സിനിമ വിഭാഗത്തിൽ 22 സിനിമകൾ പ്രദർശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തിൽ കയറ്റം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കപ്പേള, അറ്റൻഷൻ പ്ലീസ്, തിങ്കളാഴ്ച നല്ല ദിവസം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സന്തോഷത്തിെൻറ ഒന്നാം രഹസ്യം, ലൗ, മ്യൂസിക്കൽ ചെയർ, സീ യു സൂൺ, ഗ്രാമവൃക്ഷത്തിലെ കുയിൽ എന്നിവയുമുണ്ട്. ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴുസിനിമകളും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജായ കലൈഡോസ്കോപ് വിഭാഗത്തിൽ അഞ്ച് സിനിമകളും പ്രദർശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്െമൻറ് അവാർഡ് നേടിയ ഫ്രഞ്ച് സംവിധായകൻ ഷീൻ ലുക്ഗൊദാർദിെൻറ ആറ് ചിത്രങ്ങളും മേളയുടെ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.