'അനക്കമില്ലാത്ത ശരീരം, പാതിയടഞ്ഞ കണ്ണുകൾ'; അനിൽ നെടുമങ്ങാടിന്‍റെ മരണത്തിന് സാക്ഷിയായ 'മാധ്യമം' ലേഖകന്‍റെ അനുഭവം
text_fieldsസിനിമയിൽ തേന്റതായ ഇടംനേടി ഉയരത്തിലേക്ക് കുതിക്കുന്നതിനിടയിലാണ് അനിൽ നെടുമങ്ങാടെന്ന താരകം മണ്ണിൽനിന്ന് വിണ്ണിലേക്ക് മറയുന്നത്. മലങ്കര ജലാശയത്തിലെ കയത്തിന്‍റെ രൂപത്തിൽ വന്ന വിധി ആ അതുല്യ നടനെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അദ്ദേഹത്തിന്‍റെ അവസാന നിമിഷങ്ങൾക്ക് സാക്ഷിയായ മാധ്യമം ലേഖകൻ അഫ്സൽ ഇബ്രാഹീം തന്‍റെ അനുഭവം പങ്കുവെക്കുന്നു.
''ക്രിസ്മസ് ദിനത്തിൽ മലങ്കരയുടെ മനോഹാരിത ആസ്വദിക്കാനാണ് പുറപ്പെട്ടെതെങ്കിലും പ്രിയ നടന്‍റെ വേർപാടിന് സാക്ഷിയാകേണ്ടി വന്ന ഞെട്ടലിലാണ് ഇപ്പോഴും. മലങ്കര ജലാശയത്തിലെ കയത്തിൽനിന്ന് രക്ഷാപ്രവർത്തകൻ എടുത്തുയർത്തിയ ശരീരം തിരിച്ചറിഞ്ഞപ്പോഴുണ്ടായ ആഘാതം ഇപ്പോഴും മനസ്സിനെ വല്ലാതെ അസ്വസ്ഥതമാക്കുന്നു.
നാല് സുഹൃത്തുക്കളോടൊപ്പമാണ് വെള്ളിയാഴ്ച മലങ്കര ജലാശയം കാണാൻ തൊടുപുഴയിൽനിന്ന് പുറപ്പെടുന്നത്. കോവിഡ് കാലത്ത് അടച്ച മലങ്കര ഹബ് തുറന്നിട്ട് രണ്ട് ദിവസമായതേയുള്ളൂ. അതുകൊണ്ട് തന്നെ പാർക്കിലും ഡാം കാണാനുമായി നിരവധി പേർ എത്തിയിട്ടുണ്ട്. മലങ്കര ടൂറിസ്റ്റ് ഹബിലെത്തി ചിത്രങ്ങളെടുത്ത് ഡാം ടോപ്പിലൂടെ നടന്ന് തിരികെ മടങ്ങുേമ്പാൾ സമയം ഏതാണ്ട് ആറ് മണിയോടടുത്തു.
ഇരുട്ട് വീണ് തുടങ്ങിയതോടെ പലരും തിരക്കിട്ട് പുറത്തേക്കിറങ്ങുന്നത് കാണാം. അപ്പോേഴക്കും സമയം കഴിഞ്ഞുവെന്ന വിവരം നൽകി ഡാം സുരക്ഷ ഡ്യൂട്ടിയിലുള്ള ജീവനക്കാരന്‍റെ നീണ്ട വിസിൽ മുഴക്കം മലങ്കരയുടെ നിശ്ശബ്ദതയെ ഭേദിച്ചു. എല്ലാവരോടും പുറത്തേക്കിറങ്ങാൻ ആംഗ്യ ഭാഷയിൽ അദ്ദേഹം അറിയിച്ചു. ജീവക്കാരിലൊരാൾ ഗേറ്റടച്ചു. ബാക്കിയുള്ളവരോട് ചെറിയ വാതിലിലൂടെ ഇറങ്ങാൻ നിർദേശവും നൽകി.
ചിലരെല്ലാം വൈകിയതിനാൽ അണക്കെട്ട് കാണാൻ കഴിയാത്തതിന്‍റെ നിരാശയിൽ മടങ്ങുന്നതും കാണാമായിരുന്നു. ഇവിടെ നിന്നിറങ്ങി രണ്ടടി നടന്നില്ല. അതിന് മുമ്പ് ചെറിയൊരു ആൾക്കൂട്ടം. കാര്യം തിരക്കി. ആരോ വെള്ളത്തിൽ പോയതാണെന്ന് തോന്നുന്നുവെന്ന് അതിലൊരാൾ പറഞ്ഞു. എല്ലാവരുടെയും കണ്ണുകൾ നിശ്ചലമായി കിടക്കുന്ന ജലാശയത്തിലേക്ക് പാഞ്ഞു. ഞൊടിയിടൽ ഒരു ചെറുപ്പക്കാരൻ പാഞ്ഞടുത്തു. ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരം എത്തിയ നാട്ടുകാരൻ കൂടിയായ രക്ഷാപ്രവർത്തകൻ സിനാജായിരുന്നുവത്.
കൽക്കെട്ടിന് സമീപം വസ്ത്രങ്ങൾ ഊരിവെച്ച് ജലാശത്തിലേക്ക് സിനാജ് ഊളിയിട്ടു. ഒരു മിനിറ്റ് തികയും മുേമ്പ അയാൾ വെള്ളത്തിൽ കാണാതായ ആളുമായി നീന്തി കരയിലെത്തി. അനക്കമില്ലാത്ത ശരീരം. പാതിയടഞ്ഞിരിക്കുന്ന കണ്ണുകൾ. വെള്ളത്തിൽ വീണ ആളെ ഏറെ ശ്രമകരമായാണ് ജലാശയത്തിന് സമീപത്തെ കൽക്കെട്ടിലൂടെ പുറത്തെടുത്ത് റോഡരികിലേക്കെത്തിച്ചത്.
കരക്കെത്തിച്ച് ശരീരത്തിെൻറ സ്പന്ദനം സിനാജ് പരിശോധിച്ചുകൊണ്ടിരിക്കെയാണ് ആ മുഖം ഞങ്ങൾ ശ്രദ്ധിക്കുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ സി.ഐ ആയി അഭിനയിച്ച ആളെപ്പോലെയിരിക്കുന്നു. കൂട്ടത്തിലൊരു സുഹൃത്ത് ആ സംശയത്തെ ഉറപ്പിച്ചു. അതെ, ഇത് ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തന്നെ. കൂടെ നിന്നവരെല്ലം അപ്പോഴേക്കും അടക്കം പറഞ്ഞു തുടങ്ങി.
പൾസ് നോക്കി ആശങ്കയോടെ സിനാജ് പറഞ്ഞു; 'രക്ഷയില്ലെന്നാ തോന്നുന്നേ, ആശുപത്രിക്ക് വിട്ടോ'. ഒരു നിമിഷം പോലും പാഴാക്കാതെ മുട്ടം പൊലീസും അനിലിെൻറ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിേലക്ക് കാറുമായി കുതിച്ചു. അവിടെ കൂടിനിന്ന നാട്ടുകാരിലൊരാൾ പറയുന്നത് കേട്ടു, ഇത് കയമാണ്... രക്ഷപെടാൻ പ്രയാസമാണെന്നൊക്കെ. അത് വെറുതെയാകണേ, രക്ഷപ്പെടെണേ എന്ന പ്രാർത്ഥനയായിരുന്നു ഉള്ളിൽ. അവിടെ നിന്നിറങ്ങുേമ്പാഴേക്കും ഇരുട്ട് വീണ് തുടങ്ങിയിരുന്നു.
ബൈക്കോടിച്ച് പോകവേ ഇടക്ക് നിർത്തി ആശുപത്രിയിലേക്ക് വിളിച്ചു. കാഷ്വാലിറ്റിയിൽ കണക്ട് ചെയ്തപ്പോൾ കാര്യമന്വേഷിച്ചു. അവരിലൊരാൾ പറഞ്ഞു, ആശുപത്രിയിലെത്തുേമ്പാൾ തന്നെ മരിച്ചിരുന്നു. ഒരു നിമിഷം ഞെട്ടൽ ശരീരം മുഴുവൻ പടർന്നു കയറി. വീട്ടിലെത്തിയിട്ടും വല്ലാത്ത വേദന വിങ്ങിക്കൊണ്ടിരുന്നു.
ഉറങ്ങാൻ കിടക്കുേമ്പാൾ പലതവണ ആ പാതിയടഞ്ഞ മിഴികൾ മനസ്സിനെ അസ്വസ്ഥമാക്കി. 'കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ നീയ്, മുണ്ടൂർ കുമ്മാട്ടി' അയ്യപ്പനും കോശിയും എന്ന സിനിമയിലെ സി.െഎ രതീഷിെൻറ ആ ചോദ്യം ഇടക്ക് ഉറക്കത്തെ തടസ്സപ്പെടുത്തി ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.