‘മഞ്ഞുമ്മൽ ബോയ്സ്’ എഫക്ട്; ‘ഗുണ’ റീ-റിലീസ് ചെയ്യണമെന്ന് തമിഴ് പ്രേക്ഷകർ
text_fieldsകേരളത്തിലെ റെക്കോർഡ് കളക്ഷനൊപ്പം തമിഴ്നാട്ടിലും ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. 10 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം ആദ്യമായി തമിഴ്നാട്ടിൽ നിന്ന് ഡബിൾ ഡിജിറ്റ് കളക്ഷൻ പിന്നിടുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ്.
ഓരോ ദിവസവും മഞ്ഞുമ്മൽ ബോയ്സിന്റെ എല്ലാ പ്രദർശനവും തമിഴ്നാട്ടിൽ ഹൗസ്ഫുൾ ആണ്. കൂടെ ഇറങ്ങിയ ജയം രവി ചിത്രവും കാളിദാസം ജയറാം ചിത്രവുമൊന്നും സൗബിൻ ചിത്രത്തെ ബാധിച്ചിട്ടില്ല. ചിത്രത്തിന്റെ പശ്ചാത്തലമായ ഗുണ കേവും ഗുണ എന്ന ചിത്രത്തിലെ ‘കൺമണി അൻപോട്’ എന്ന ഗാനത്തിന്റെ സാന്നിധ്യവുമൊക്കെയാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് തുണയാകുന്നത്.
ഇപ്പോഴിതാ, ‘ഗുണ’ എന്ന കമൽഹാസന്റെ ക്ലാസിക് ചിത്രം റീ-റിലീസ് ചെയ്യാനായി സോഷ്യൽ മീഡിയ ക്യാംപെയിൻ നടത്തുകയാണ് തമിഴ് പ്രേക്ഷകർ. കമൽഹാസന്റെ തന്നെ ആളവന്താൻ എന്ന ചിത്രം ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീണ്ടും റിലീസ് ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷവും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് തിയറ്ററിൽ നിന്ന് ലഭിച്ചത്.
‘ഗുണ’ റഫറൻസ് കാരണം മഞ്ഞുമ്മൽ ബോയ്സിന് ഇത്രയും പ്രേക്ഷക പ്രീതി തമിഴ്നാട്ടിൽ ലഭിക്കുന്നുണ്ടെങ്കിൽ ‘ഗുണ’ റീ-റിലീസ് ചെയ്യാൻ ഇതിലും മികച്ച അവസരം വേറെയില്ലെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. നിലവിൽ തമിഴിൽ കാര്യമായ റിലീസുകൾ ഇല്ലാത്തതും ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് അവരുടെ അഭിപ്രായം. മാത്രമല്ല പുത്തൻ തലമുറക്ക് ‘ഗുണ’ തിയറ്ററിൽ കാണാൻ അതിലൂടെ കഴിയുമെന്നും അവർ പറയുന്നു.
1991 നവംബർ അഞ്ചിന് ദീപാവലി റിലീസായിട്ടായിരുന്നു ഗുണ എത്തിയത്. സന്താനഭാരതിയായിരുന്നു സംവിധാനം. മണിരത്നം സംവിധാനം ചെയ്ത രജനികാന്ത്-മമ്മൂട്ടി ചിത്രം ദളപതിയായിരുന്നു അന്ന് ബോക്സോഫീസിൽ ഗുണയുടെ എതിരാളി. മികച്ച നിരൂപക പ്രശംസ നേടിയ ‘ഗുണ’ പക്ഷെ ശരാശരി വിജയത്തിലൊതുങ്ങി. എന്നാൽ അതുവരെ ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന ഒരിടത്തെ ഗുണ കേവ് ആക്കി മാറ്റിയത് കമൽഹാസൻ ചിത്രമായിരുന്നു. അതോടെ തമിഴ്നാട്ടിലെതന്നെ ഒരു വിനോദസഞ്ചാരകേന്ദ്രമായും അത് മാറി.
ഫെബ്രുവരി 22-ന് എത്തിയ മഞ്ഞുമ്മൽ ബോയ്സ് ഒരു സർവൈവൽ ത്രില്ലറാണ് . സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് 'മഞ്ഞുമ്മൽ ബോയ്സ്' ചിത്രീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.