ഇത്തവണ ഓസ്കാർ വേദിയിൽ ‘റെഡ് കാർപെറ്റ്’ ഇല്ല
text_fieldsഏറ്റവും ശ്രദ്ധേയമായ അവാർഡുകളിൽ ഒന്നാണ് ഓസ്കാർ അവാർഡുകൾ. അക്കാദമി അവാർഡ് സംബന്ധിച്ച് പലകാര്യങ്ങളും കാലം ചെല്ലുന്നതിനനുസരിച്ച് മാറിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 60 വർഷമായി മാറാതെ നിൽക്കുന്ന ഒന്നുണ്ട്, റെഡ് കാർപെറ്റ്.
ഓരോ വർഷങ്ങളിലും നിറങ്ങളിൽ ചെറിയ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ വർഷം വരെ അതിന്റെ ചുകപ്പ് ഛായ മാറിയിരുന്നില്ല. എന്നാൽ ഇത്തവണ ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ തൊഴിലാളികൾ വിരിച്ചത് ഷാംപെയ്ൻ നിറമുള്ള കാർപെറ്റാണ്.
ഒരു തുള്ളി രക്തംപേലും ചിന്തില്ലെന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് റെഡ് കാർപെറ്റ് മാറ്റി ഷാംപെയ്ൻ നിറം തെരഞ്ഞെടുത്തതെന്ന് ഓസ്കാറിന്റെ 95ാമത് അവാർഡ് ദാന ചടങ്ങ് നയിക്കുന്ന ജിമ്മി കിമ്മെൽ പറഞ്ഞു.
ഈ നിറംമാറ്റം സംബന്ധിച്ച തീരുമാനത്തിന് പിന്നിൽ ക്രിയേറ്റീവ് കൺസൾട്ടന്റുമാരായ, ദീർഘകാലം വോഗിൽ പ്രവർത്തിച്ച ലിസ ലവും ന്യൂയോർക്കിലെ മെറ്റ് ഗാലയുടെ ക്രിയേറ്റീവ് ഡയറക്ടറായ റൗൾ ഏവിലയുമാണ്.
ഇത്തവണ ഓസ്കാർ വേദിക്ക് പന്തലൊരുക്കിയിട്ടുണ്ട്. കാലാവസ്ഥയിൽ നിന്ന് താരങ്ങളെയും കാമറയെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് മേലാപ്പ് ഒരുക്കിയത്. ആ പന്തലിനുള്ളിൽ കുറേക്കൂടി തെളിച്ചമുള്ള നിറം കൂടി നോക്കിയാണ് ഇത് തെരഞ്ഞെടുത്തതെന്ന് ലിസ ലവ് പറഞ്ഞു.
33 ാമത് അക്കാദമി അവാർഡിലാണ് ഓസ്കാർ റെഡ് കാർപെറ്റ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1966 ൽ ടി.വിയിൽ കളർചിത്രങ്ങൾ കാണുന്നതുവരെ ആളുകൾക്ക് റെഡ് കാർപെറ്റ് വ്യക്തമായിരുന്നില്ല.
കാർപെറ്റിന്റെ നിറം മാറ്റുന്നത് സംബന്ധിച്ച് വലിയ ചർച്ചകളൊന്നും നടന്നിട്ടില്ല. മറ്റ് ചില നിറങ്ങളും പരീക്ഷിച്ചിരുന്നു. പക്ഷേ, അവ അടഞ്ഞ വേദിക്കുള്ളിൽ കൂടുതൽ ഇരുണ്ടതായി തോന്നി. അതിനാലാണ് ഈ നിറം തെരഞ്ഞെടുത്തതെന്ന് ലിസ ലവ് പറഞ്ഞു.
അക്കാദമി സി.ഇ.ഒ ബിൽ ക്രാമർ അത് അംഗീകരിക്കുകയും ചെയ്തു. ആരും നിറം മാറ്റത്തെ കുറിച്ച് കൂടുതൽ ആശങ്കപ്പെട്ടിട്ടില്ല. കാർപെറ്റ് നിറം മാറ്റി എന്നതിനർഥം ഇനി മുതൽ ഷാംപെയ്ൻ നിറമായിരിക്കും എന്നല്ല. റെഡ് കാർപെറ്റ് എന്നത് വാച്യാർഥത്തിലുപരി തരങ്ങളുടെ വരവിനെ വർണിക്കാനുപയോഗിക്കുന്ന അലങ്കാരപദമാണെന്നും ലിസ ലവ് കൂട്ടിച്ചേർത്തു.
95ാമത് ഓസ്കാർ ‘റെഡ് കാർപെറ്റ്’ ഞായറാഴ്ച വൈകീട്ട് 3.30 ന് തുറക്കും. രാത്രി എട്ടിന് അവാർഡ് ദാന ചടങ്ങുകൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.