പ്രസവാനന്തര വിഷാദ വഴികൾ തുറന്നുകാട്ടി 'ഇന'
text_fieldsപ്രസവവും പ്രസവാനന്തര ജീവിതവും സ്ത്രീകൾ അഭിമുഖീകരിക്കുമ്പോൾ തന്നെ ഗർഭാനന്തര കാലഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന നിശബ്ദമായ ചില വിഭ്രാന്തികളുണ്ട്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ (Postpartum Depression) അഥവാ പ്രസവാനന്തര വിഷാദം എന്നാണ് ഈ അവസ്ഥയെ പറയുന്നത്.
സന്തോഷം, ഭയം ദുഃഖം തുടങ്ങി നിരവധി വികാരങ്ങൾ നിറഞ്ഞ, വൈകാരിക അസന്തുലിതാവസ്ഥ കഠിനമായ രീതിയിൽ നേരിടേണ്ടി വരുന്ന ഈ കാലയളവിനെ കുറിച്ചോ ഈ അവസ്ഥയെ കുറിച്ചോ ഇന്നും നമ്മുടെ സമൂഹത്തിൽ വേണ്ടത്ര പൊതുബോധമില്ല എന്നതാണ് ഏറെയും ഖേദകരമായ കാര്യം. ഈ അവസരത്തിലാണ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു രാജീവ് വിജയ് എഴുതി സംവിധാനം ചെയ്ത 'ഇന' എന്ന ഹ്രസ്വ ചിത്രം കൂടുതൽ ശ്രദ്ധ നേടുന്നത്. നിരാശ, നിസ്സഹായത എന്നിവയോടൊപ്പം താൻ നിലകൊള്ളുന്ന കുടുംബം എന്ന ചുറ്റുപാടിൽ പോലും താൻ അപ്രധാനിയാണെന്നും തനിക്ക് ഒന്നും ചെയ്യാൻ കഴിവില്ലെന്നുമുള്ള തോന്നലിൽ നിന്നുമാണ് അമ്മ എന്ന ഉത്തരവാദിത്വത്തിലേക്ക് കടക്കുന്ന ഇനക്ക് കൂടുതൽ മാനസികസംഘർഷങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നത്. അമ്മുവുമായുള്ള അമ്മ-മകൾ ബന്ധം പുലർത്തുമ്പോൾ തന്നെ അതിൽ ബുദ്ധിമുട്ട് നേരിടുക, ആത്മവിശ്വാസം തീരെ കുറഞ്ഞു പോകുക, ചുറ്റുപാടിനോട് കടുത്ത അകൽച്ച തോന്നുക തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇനിയ എന്ന ഇനയെ അലട്ടുന്നത്.
അവളിലെ പ്രസവാനന്തര വിഷാദത്തെ ഒപ്പമുള്ളവർ തിരിച്ചറിയാത്ത നിമിഷത്തിൽ, കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും കൊണ്ട് പഴിചാരുന്ന സാഹചര്യത്തിൽ സ്വന്തം മകളെ ഉപദ്രവിക്കുന്ന തരത്തിലേക്ക് ഇന എത്തിചേരുന്നത് സ്വാഭാവികമായാണ്. തുടർന്ന് അവളെ കുറ്റപ്പെടുത്തുന്ന ഭർത്താവിന് മുൻപിൽ തന്നിലെ പ്രസവാനന്തര വിഷാദം ആദ്യം തന്നെ തിരിച്ചറിയാൻ കഴിയാതെ പോയ അയാളെ കുറിച്ചും അവൾ അക്കാലങ്ങളിൽ ആഗ്രഹിച്ചിരുന്ന ഭർത്താവിന്റെ സമീപ്യത്തെ കുറിച്ചും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയിലൂടെ ഈ അവസ്ഥയെ മറികടക്കാനുണ്ടായിരുന്ന സാഹചര്യമുണ്ടായിട്ടും അവർ മനസ്സിലാക്കാതെ പോയ തന്റെ അവസ്ഥകളെ കുറിച്ചുമുള്ള ഇനയുടെ തുറന്നു പറച്ചിലും അവളുടെ ഭർത്താവിന്റെ തിരിച്ചറിവുമൊക്കെയാണ് ചിത്രം പറയുന്നത്.
അമ്പതോളം രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഇന ഒരിക്കലും ഒരു കൗൺസിലറുടെയോ മനശാസ്ത്ര വിദഗ്ധന്റെയോ സഹായമില്ലാതെ തന്നെ ഇന എന്ന അമ്മ കഥാപാത്രത്തിലൂടെ പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ഗൗരവത്തെ കുറിച്ചും പ്രസവാനന്തരം സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചും ഇന എന്ന അമ്മയിലൂടെ തന്നെ പ്രേക്ഷകർക്ക് വ്യക്തമാക്കി കൊടുക്കാൻ സാധിച്ചു എന്നതാണ് 'ഇന'യെ ശ്രദ്ധേയമാക്കുന്നത്. ഒരു ബോധവൽക്കരണം എന്ന പോലെ തന്നെ അതിജീവനത്തിനായി പോരാടുന്ന അനേകായിരം സ്ത്രീകൾക്കുള്ള പ്രചോദനം കൂടിയാണ് ഇന.
ആർ.വി, എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ശീതൾ ബൈഷി, അസ്‌കർ ഖാൻ , ആലിയ, നദീറ, തുടങ്ങിയ പുതുമുഖ താരങ്ങൾ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുമ്പോൾ, സംഗീതം - അജി സരസ്, സൗണ്ട് ഡിസൈൻ- എൽദോ എബ്രഹാം, സൗണ്ട് മിക്സ് - ശ്രീജിത്ത് എസ് .ആർ, സബ് ടൈറ്റിൽസ് - അശ്വനി കെ. ആർ, ബൈജു, സുഷ്‌മി സിറാജ്, മനോജ്, പോസ്റ്റർ ഡിസൈൻ - ജിജോ സോമൻ എന്നിവർ പിന്നണിയിലും പ്രവർത്തിച്ചിരുന്നു. വെല്ലുവിളികളിലൂടെ വിജയം വരിച്ച ഇനയെ പ്രേക്ഷകർ തിരിച്ചറിയേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.