ഒരു സിനിമക്ക് 25 കോടി; ഇന്ത്യൻ സിനിമയിലെ വിലയേറിയ വില്ലനാകാൻ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ
text_fieldsസിനിമയിൽ പ്രധാന വില്ലൻമാർക്ക് തുച്ഛമായ പ്രതിഫലം നൽകുന്ന കാലമൊക്കെ കഴിഞ്ഞു. നായക നടൻമാർ തന്നെ വില്ലൻമാരാകാൻ തയ്യാറായി മുന്നോട്ടുവരുന്ന ഇക്കാലത്ത് കോടികളാണ് അതിന് വേണ്ടി നിർമാതാക്കൾ ഒഴുക്കുന്നത്. ബോളിവുഡിലെ ഏറ്റവും വിലയേറിയ വില്ലൻ സൈഫ് അലി ഖാനാണ്. ആദി പുരുഷിലെ രാവണന്റെ വേഷത്തിന് സൈഫ് വാങ്ങിയത് 10 കോടി രൂപയായിരുന്നു. എന്നാൽ നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലയേറിയ വില്ലൻ ബോളിവുഡ് താരമല്ല, ഒരു തെന്നിന്ത്യൻ സൂപ്പർതാരമാണ്.
സാക്ഷാൽ ഉലകനായകൻ കമൽ ഹാസൻ. വിക്രം എന്ന സിനിമയിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയ തമിഴ് സൂപ്പർതാരം ഒരു തെലുങ്ക് പടത്തിലാണ് പ്രതിനായകനായി എത്തുന്നത്. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സൈ-ഫൈ ഡ്രാമ ‘പ്രൊജക്ട് കെ.’ എന്ന ചിത്രത്തിൽ വില്ലനാകാൻ ഉലകനായകന് നിർമാതാക്കളായ വൈജയന്തി മൂവീസ് നൽകിയത് 25 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
തെന്നിന്ത്യയിൽ വലിയ താരമൂല്യമുള്ള നടനാണ് കമൽഹാസൻ. പ്രത്യേകിച്ച്, വിക്രം എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം അത് വർധിച്ചിട്ടുമുണ്ട്. കമൽ പ്രതിനായകനായി വരുന്നതോടെ, പ്രൊജക്ട് കെ-യുടെ സ്കെയിൽ തന്നെ മാറും. ചിത്രത്തിൽ അമിതാഭ് ബച്ചനും ദീപിക പദുകോണും പ്രധാന വേഷങ്ങളിലുണ്ട്. തുടർ പരാജയങ്ങളിലൂടെ നിറംമങ്ങിയ പ്രഭാസിന് നാഗ് അശ്വിൻ ചിത്രം വലിയ തിരിച്ചുവരവ് നൽകുമെന്നാണ് കരുതപ്പെടുന്നത്. കീർത്തി സുരേഷും ദുൽഖർ സൽമാനും തകർത്തഭനയിച്ച ‘മഹാനടി’യാണ് നാഗ് സംവിധാനം ചെയ്ത ഒരേയൊരു ചിത്രം.
നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ പ്രതിഫലം വാങ്ങിയ വില്ലൻ, വിജയ് സേതുപതിയാണ്. 21 കോടി രൂപയാണ് താരം ജവാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ വേഷത്തിനായി വാങ്ങിയത്. വിക്രം എന്ന ചിത്രത്തിൽ കമലിന്റെ പ്രതിനായകനാകാൻ 15 കോടി രൂപയായിരുന്നു സേതുപതിയുടെ ഫീസ്. സൽമാൻ ഖാന്റെ ടൈഗർ 3 എന്ന ചിത്രത്തിൽ വില്ലനാകുന്ന ഇമ്രാൻ ഹാഷ്മിക്ക് 10 കോടി രൂപയായിരുന്നു ചാർജ്. പുഷ്പയിലെ ക്രൂരനായ പൊലീസുകാരനാകാൻ ഫഹദ് ആറ് കോടി രൂപയായിരുന്നു വാങ്ങിയത്. മാമന്നൻ എന്ന ചിത്രത്തിലെ വേഷത്തിനും താരത്തിന് ഭീമൻ തുക ലഭിച്ചിരുന്നു.
അതേസമയം, നായകൻമാരെ മാറ്റി നിർത്തിയാൽ, നിലവിൽ ഒരു സിനിമയിലെ പ്രതിനായക വേഷത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടൻ പ്രകാശ് രാജാണ്. ഒന്നര കോടി രൂപ വരെയാണ് അദ്ദേഹം വാങ്ങുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന പ്രൊജക്ട് കെ-ക്ക് വേണ്ടി വൈജയന്തി ഫിലിംസ് മുടക്കുന്നത് 600 കോടി രൂപയാണ്. 2025-ലാകും ചിത്രം റിലീസ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.