ചാനലിലൂടെ അപമാനിച്ചെന്ന്; കങ്കണ റണാവത്തിനെതിരെ ജാവേദ് അക്തർ മാനനഷ്ട കേസ് നൽകി
text_fieldsമുംബൈ: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ നടി കങ്കണ റണാവത്തിനെതിരെ മാനനഷ്ട കേസ് നൽകി. സ്വകാര്യ വാർത്താ ചാനലിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ് മുംബൈ അന്ധേരിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെ ക്രിമിനൽ പരാതി നൽകിയത്. സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് കങ്കണ തെൻറ പേര് അനാവശ്യമായി വലിച്ചിട്ടതായി പരാതിയിൽ ഉന്നയിച്ചു.
ചാനലിന് കങ്കണ നൽകിയ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് പേർ കാണുകയും മറ്റ് ചാനലുകളും ഇത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. നടൻ ഹൃത്വിക് റോഷനുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കരുതെന്ന് താൻ ഭീഷണിപ്പെടുത്തിയെന്നും അവർ പറയുന്നു. കങ്കണയുടെ ഈ പ്രസ്താവനകളെല്ലാം തെൻറ പ്രശസ്തിക്ക് കളങ്കമുണ്ടാക്കിയെന്ന് ജാവേദ് അക്തർ പരാതിയിൽ ഉന്നയിച്ചു.
കങ്കണ റണാവത്തിനും സഹോദരി രംഗോലി ചണ്ഡേലിനുമെതിരെ കഴിഞ്ഞ ആഴ്ച മറ്റൊരു പരാതിയിൽ കോടതി കേസെടുത്തിരുന്നു. മുംബൈ അന്ധേരിയിലെ മജിസ്ട്രേറ്റ് കോടതി തന്നെയാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിനാണ് കേസ്.
അഭിഭാഷകനായ അലി കാസിഫ് ഖാൻ ദേശ്മുഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ലക്ഷക്കണക്കിന് ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്ന കങ്കണയുടേയും രംഗോലിയുടേയും പ്രസ്താവനകളെല്ലാം നിരുത്തരവാദപരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ, ആദിത്യ പഞ്ചോലി, മാധ്യമസ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, ബോളിവുഡ് സിനിമ വ്യവസായം എന്നിവക്കെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുകയാണ് കങ്കണയും സഹോദരിയും ചെയ്യുന്നതെന്ന് ദേശ്മുഖ് പരാതിയിൽ പറയുന്നു.
ഇരുവരുടെയും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതാണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ഇരുവരുടേയും നടപടിയെന്നും ദേശ്മുഖ് പരാതിയിൽ പറയുന്നു. നേരത്തെ ബാന്ദ്ര കോടതിയും സമാനമായ പരാതിയിൽ കങ്കണക്കും സഹോദരിക്കുമെതിരെ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.