സെന്ന ഹെഗ്‌ഡെയുടെ സെറ്റില്‍ പെരുമാറ്റച്ചട്ടം; ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ചു
text_fieldsസംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ പുതിയ സിനിമയുടെ സെറ്റില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കി. കാഞ്ഞങ്ങാട്ട് ചിത്രീകരണം നടക്കുന്ന '1744 വൈറ്റ് ഓള്‍ട്ടോ' എന്ന ചിത്രത്തിന്റെ സെറ്റിലാണ് നിര്‍മാതാക്കളായ കബനി ഫിലിംസ് പെരുമാറ്റച്ചട്ടം കൊണ്ടുവന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സിനിമാമേഖലയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണങ്ങളും ചര്‍ച്ചയാകുന്നതിനിടെയാണിത്.
അഭിനേതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ ലൈംഗികമായോ അല്ലാതെയോ ഉള്ള അപകീര്‍ത്തിപ്പെടുത്തലുകളും ചൂഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ അച്ചടക്ക, നിയമ നടപടിയെടുക്കാന്‍ നാലുപേരടങ്ങിയ ആഭ്യന്തര പരാതി പരിഹാര സമിതിയാണ് രൂപവത്കരിച്ചത്. എക്സിക്യുട്ടീവ് നിര്‍മാതാവ് അമ്പിളി പെരുമ്പാവൂര്‍ പ്രിസൈഡിങ് ഓഫീസറായി നിര്‍മാതാക്കളായ ശ്രീജിത്ത് നായര്‍, മൃണാള്‍ മുകുന്ദന്‍, അഭിഭാഷക ആര്‍ഷ വിക്രം എന്നിവരടങ്ങിയതാണ് സമിതി.
ആദ്യമായിട്ടാണ് ഒരു മലയാള സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസ് ജോലിസ്ഥലത്തെ ചൂഷണ പരാതികള്‍ കൈകാര്യംചെയ്യാന്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുന്നത്. സിനിമയുടെ നിര്‍മ്മാണ വേളയില്‍ വായിക്കേണ്ടതും പരിശീലിക്കേണ്ടതുമായ പെരുമാറ്റച്ചട്ടം നിര്‍മ്മാതാക്കള്‍ അഭിനേതാക്കളോടും അണിയറ പ്രവര്‍ത്തകരോടുമായി പങ്കുവെച്ചു. ഇതിന്റെ പകര്‍പ്പ് സമൂഹമാധ്യമത്തിലും പങ്കുവെച്ചിട്ടുണ്ട്.
സെന്ന ഹെഗ്ഡെയുടെ മുന്‍ ചിത്രമായ തിങ്കളാഴ്ച് നിശ്ചയം കഴിഞ്ഞ വര്‍ഷം ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്.
ഷറഫുദ്ദീന്‍, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, സ്മിനു സിജോ, ജോജി മുണ്ടക്കയം, ആര്യ സലിം, സ്മിനു സിജോ, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, റെന്‍ജി നില്‍ജ തുടങ്ങിയവരാണ് പുതിയ ചിത്രമായ '1744 വൈറ്റ് ഓള്‍ട്ടോ' എന്ന ചിത്രത്തില്‍ വേഷമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.