സിനിമ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഉടൻ -രഞ്ജിത്
text_fieldsകോഴിക്കോട്: സിനിമ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ എത്രയും പെട്ടെന്ന് തുടങ്ങുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. എല്ലാ സിനിമ സെറ്റിലും ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നത് വിമൻ സിനിമ കലക്ടിവിന്റെ ആവശ്യമായിരുന്നു.
ഈ ആവശ്യത്തോട് സർക്കാറും വിവിധ ചലച്ചിത്ര സംഘടനകളും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും രഞ്ജിത് പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബർ 18 ന് ആരംഭിക്കുന്ന കേരള അന്താരാഷ്ട്ര ചലചിത്രോൽസവം ഉദ്ഘാടന ചടങ്ങിൽ ഇസ്തംബൂളിൽനിന്നുള്ള കുർദിഷ് വംശജയായ സംവിധായിക ലിസ ഖലാന് അഞ്ചു ലക്ഷം രൂപയുടെ സ്പിരിട്ട് ഓഫ് സിനിമ അവാർഡ് നൽകും.
2003ൽ ഐ.എസ്.ഐ.എസ് ആക്രമണത്തിൽ രണ്ടു കാലുകളും നഷ്ടമായിട്ടും സിനിമയോടുള്ള താൽപര്യം കൈവെടിയാതെ കാത്തുസൂക്ഷിച്ചയാളാണ് ലിസ. ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാണ് അവർ. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.
ഇത്തവണത്തെ ചലച്ചിത്രമേളയിൽ കുട്ടികൾക്ക് മുൻതൂക്കം നൽകും. അവർക്ക് കൂടുതൽ പാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മേഖല ചലച്ചിത്ര മേളകളിൽ മലബാറിനെ അവഗണിക്കുകയല്ല. ഇവിടെ വേണ്ടത്ര തിയറ്ററുകളില്ല. തിയറ്ററുകളുടെ ലഭ്യതകുറവാണ് കോഴിക്കോട് ചലച്ചിത്രമേളകൾ സംഘടിപ്പിക്കുന്നതിൽ പ്രശ്നമാകുന്നതെന്നും രഞ്ജിത് പറഞ്ഞു.
ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സിനിമക്ക് വലിയ ഗുണമാണ് ചെയ്യുന്നത്. തിയറ്ററുകളിൽ ഓടാൻ സാധ്യതയില്ലാത്ത നല്ല സിനിമകൾ ഒ.ടി.ടി ഉള്ളതിനാൽ പ്രേക്ഷകരിലെത്തി. സിനിമയെ കുറിച്ച് നല്ല അഭിപ്രായം ലഭിച്ചതായും പക്ഷേ, അതനുസരിച്ച് കലക്ഷൻ വരുന്നില്ലെന്നും പട എന്ന സിനിമയുടെ നിർമാതാവ് പറയുന്നു. ഇത് ആരുടെ കുറ്റമാണെന്നും രഞ്ജിത് ചോദിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ, സെക്രട്ടറി പി.എസ്. രാഗേഷ്, എ.വി. ഫർദീസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.