ആഭ്യന്തര പരാതി പരിഹാര സമിതി; സിനിമ സംഘടനകൾ നടപ്പാക്കാൻ ബാധ്യസ്ഥരെന്ന് ഡബ്ല്യു.സി.സി
text_fieldsകൊച്ചി: സിനിമ നിർമാണ യൂനിറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) വേണമെന്ന ഹൈകോടതി ഉത്തരവ് സ്വാഗതംചെയ്ത് ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി. വിധി മലയാളി സ്ത്രീചരിത്രത്തിൽതന്നെ വലിയ നാഴികക്കല്ലാണെന്നും സിനിമയിലെ എല്ലാ സ്ത്രീകൾക്കും ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും ഇത് നൽകുന്ന ആശ്വാസം ചെറുതല്ലെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.
സംസ്ഥാന സർക്കാറും ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ, മാക്ട, ഫിലിം ചേംബർ തുടങ്ങിയ സംഘടനകളുമെല്ലാം 2013ലെ പോഷ് ആക്ടിൽ പറഞ്ഞ വ്യവസ്ഥകൾ നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും ഇക്കാര്യം സിനിമ വ്യവസായത്തിലെ എല്ലാവരും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പോഷ് ആക്ട് പ്രകാരമാണ് ഐ.സി.സി നടപ്പാക്കുന്നതെന്ന് ഉറപ്പാക്കാൻ 'അമ്മ'യോട് വിധി ആവശ്യപ്പെടുന്നുണ്ട്. നടപ്പാക്കലിന്റെ സ്വഭാവത്തെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതിനായി സമാന ചിന്താഗതിക്കാരായ എല്ലാ സംഘടനകളുമായും കൈകോർക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും ഡബ്ല്യു.സി.സി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.