പുത്തൻ റിലീസുകളെ കടത്തിവെട്ടി നോളന്റെ ഇന്റെർസ്റ്റെല്ലാർ; ആദ്യ ദിനം 2.5 കോടിയുടെ കളക്ഷൻ
text_fieldsപ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു 'ഇന്റെർസ്റ്റെല്ലാർ'. 2014ൽ സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമ, പത്താം വാർഷികത്തോടനുബന്ധിച്ച് ആഗോളതലത്തിൽ വീണ്ടും റീ റിലീസ് ചെയ്തിരുന്നു. ഇന്ത്യയിൽ 2 ഡി, ഐ മാക്സ് ഫോർമാറ്റുകളിൽ ഇന്നലെയായിരുന്നു റീ റീലീസ്. മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് സിനിമക്ക് ലഭിക്കുന്നത്.
റീ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 2.5 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് 2014 ൽ റിലീസ് ചെയ്ത സമയത്തെ കളക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ 83% കളക്ഷൻ തുക റീ റിലീസിൽ നേടിയെന്നത് അതിശയകരമാണ്. ഒരു ഹോളിവുഡ് ചിത്രം ഇന്ത്യൻ റീ റിലീസിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷനാണിത്. എല്ലായിടത്തും സിനിമയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൂടുന്നതിന് അനുസരിച്ച് ഐമാക്സ് ഉൾപ്പെടെ പല തിയേറ്ററുകളിലും കൂടുതൽ പ്രദർശനങ്ങൾ ഒരുക്കുന്നുണ്ട്. ചിത്രം ഐമാക്‌സിൽ ഏറ്റവും മികച്ച അനുഭവമാണ് നൽകുന്നതെന്നും ഇത്രയും വർഷങ്ങൾക്കുശേഷം ചിത്രം ഒരു വിസ്മയമായി തുടരുന്നുവെന്നുമാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയകളിലൂടെ പങ്കു വെക്കുന്നത്.
165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്. ഇതിന് മുൻപും 'ഇന്റെർസ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ചിത്രം നേരത്തെ റീ റിലീസ് ചെയ്തിരുന്നു. 10.8 മില്യൺ ഡോളറാണ് ഇൻ്റർസ്റ്റെല്ലാർ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അപ്പോൾ നേടിയത്. ഇതോടെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ റീ-റിലീസായി ഇന്റെർസ്റ്റെല്ലാർ മാറി. നേരത്തെ അല്ലു അർജുൻ സിനിമയായ പുഷ്പ 2 കാരണമാണ് ഇന്റെർസ്റ്റെല്ലാറിന് ഇന്ത്യയിൽ റീ റിലീസ് നിഷേധിച്ചതെന്ന് വാർത്തകളുണ്ടായിരുന്നു. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.