അനിഖയാണ് നായിക
text_fieldsമലയാളികളുടെ മനസിൽ അനിഖ സുരേന്ദ്രൻ ഇപ്പോഴും കൊച്ചുകുട്ടിയാണ്. മമ്മൂട്ടിയുടെയും നയൻതാരയുടെയും അജിത്തിന്റെയുമെല്ലാം ഓമനത്തമുള്ള മകളായാണ് വെള്ളിത്തിരയിൽ അനിഖ തകർത്തഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ചേക്കേറിയ അനിഖ തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുത്ത ബാലതാരമായിരുന്നു. എന്നാൽ, അനിഖയെ ഇനി ബാലതാരം എന്ന് വിളിക്കരുത്. അവൾ നായികയായിരിക്കുന്നു. ആൽഫ്രഡ് സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനികയിലെ നായിക അരങ്ങേറുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി ദുബൈയിലെത്തിയ അനിഖ വിശേഷങ്ങൾ പങ്കിടുന്നു.
ബാലതാരത്തിൽ നിന്ന് നായികയിലേക്ക്
ഇതുവരെ മകൾ, അനുജത്തി കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരുന്നത്. അതിൽ നിന്ന് നായികയിലേക്ക് വരുമ്പോൾ ചെറിയ ടെൻഷനുണ്ടായിരുന്നു. കാരണം, സിനിമയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം വർധിക്കുകയാണ്. ചിത്രം റിലീസായപ്പോഴും ചെറിയ ടെൻഷനുണ്ടായിരുന്നു. പക്ഷെ, ഷൂട്ടിങ്ങിലും അതിന് ശേഷവും കൂടെയുണ്ടായിരുന്നവർ വലിയ പിന്തുണയാണ് നൽകിയത്. മെൽവിനും ആദ്യമായാണ് നായകനായി എത്തുന്നത്. അതുകൊണ്ട് ടെൻഷൻ ഷെയർ ചെയ്യാൻ ഒരാൾ കൂടിയുണ്ടായിരുന്നു.
മലയാളത്തിൽ നിന്ന് ഇതരഭാഷയിലേക്ക്
രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല. പ്രധാന വ്യത്യാസം ഭാഷ മാത്രമാണ്. മലയാളം എന്റെ ഭാഷയാണ്. അതിനാൽ, അത് കൈകാര്യം ചെയ്യാൻ കുറച്ച്കൂടി എളുപ്പമാണ്. ഡയലോഗുകൾ അനായാസം മനസിലാകുകയും പറയുകയും ചെയ്യാം. തമിഴും തെലുങ്കും അത്ര ഈസിയല്ല, എന്നാൽ കടുപ്പവുമല്ല. ഇതൊഴിച്ചുനിർത്തിയാൽ ഇരു ഭാഷകളിലെയും അഭിനയം തമ്മിൽ വലിയ വ്യത്യാസം ഫീൽ ചെയ്യാറില്ല.
ഓ മൈ ഡാർലിങ്ങിലെ ജെനി
പ്രത്യേക മാനസികാവസ്ഥയിൽ ജീവിക്കുന്നയാളാണ് ഈ ചിത്രത്തിലെ ജെനി എന്ന കഥാപാത്രം. എന്നാൽ, ഈ മാനസീകാവസ്ഥ എപ്പോഴും മുഖത്ത് കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ചിത്രത്തിന്റെ അവസാന ഭാഗത്താണ് അത്തരം അഭിനയം കൂടുതാലയി വേണ്ടിവന്നത്. ഗർഭപാത്രമില്ലാതെ ജനിച്ചയാളാണ് ജെനി. ഇത്തരം പെൺകുട്ടികൾ ലോകത്ത് നിരവധിയായി ജനിക്കുന്നുണ്ട്. എന്നാൽ, അവരുടെ മാനസികാവസ്ഥ ആരും മനസിലാക്കാറില്ല.
ശാരീരികമായ വൈകല്യങ്ങൾ എല്ലാവർക്കും നേരിൽകാണാൻ കഴിയും. പക്ഷെ, ഇത്തരം മാനസിക വെല്ലുവിളികൾ ആരും കാണാതെ പോകുന്നു. അത്തരത്തിലുള്ള കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ ചിത്രം. ഈ പ്രതിസന്ധികൾക്കിടയിലും പോസിറ്റീവായി ചിന്തിക്കുന്ന, എല്ലാം നേരിടുന്ന കഥാപാത്രമാണ് ജെനി. ഇത്തരം ആളുകൾ എങ്ങിനെയായിരിക്കും പ്രവർത്തിക്കുക എന്നതിനെകുറിച്ച് പഠിച്ചിരുന്നു. സമൂഹത്തിന് അവബോധമുണ്ടാക്കുന്ന കഥാപാത്രം കൂടിയാണിത്. ഒപ്പം, പ്രണയവും തമാശയുമെല്ലാം ഉണ്ട്.
സാമൂഹിക മാധ്യമങ്ങൾ
സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായങ്ങൾ കാര്യമായി എടുക്കാറില്ല. ഈ ചിത്രത്തെ തന്നെ ഡീ ഗ്രേഡ് ചെയ്യുന്ന രീതിയിലുള്ള കമന്റുകൾ സോഷ്യൽ മീഡിയയിലുണ്ട്. അത് സിനിമക്ക് ഗുണം ചെയ്യില്ല. നമ്മുടെ വസ്ത്രധാരണങ്ങളെ കുറിച്ച് പോലും നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നത്. എന്നാൽ, ഇതിനെ എതിർത്തുള്ള കമന്റുകളും കാണാറുണ്ട്. ഇത് എന്നെ ബാധിക്കാറില്ല. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ഞാൻ ചെയ്യുന്നത്.
വമ്പൻ താരങ്ങൾക്കൊപ്പം
അത് വലിയ ഭാഗ്യമായി കരുതുന്നു. അവരോടൊപ്പമുള്ള അഭിനയം കരിയറിൽ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട്. മമ്മുക്ക, അജിത്, നയൻതാര പോലുള്ളവരോടൊപ്പം അഭിനയിക്കുക എന്നത് ചെറിയ ഭാഗ്യമല്ല. അവരിൽ നിന്ന് കണ്ട് പഠിക്കാൻ ഒരുപാടുണ്ട്. ഓരോ സിനിമകളും ഓരോ അനുഭവങ്ങളാണ് പകരുന്നത്. താരങ്ങൾ മാത്രമല്ല, സംവിധായകരും നിർമാതാക്കളുമെല്ലാം പല രീതിയിൽ പിന്തുണ നൽകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.