മോമോയുടെ ദുബൈ യാത്രകൾ
text_fields‘മോമോ’ വീണ്ടും ദുബൈയിലെത്തിയിരിക്കയാണ്. ഹാപ്പിയാണെന്ന് മാത്രമല്ല, മലയാള സിനിമയിലെ ശ്രദ്ധേയനായ പുത്തൻ ബാലതാരമായാണ് ഇത്തവണത്തെ വരവ്. കൂടെനിന്ന് സെൽഫിയെടുക്കാനും പരിചയപ്പെടാനും ആളുകൾ വരുന്നുണ്ട്. അടിപൊളി പെർഫോമൻസായിരുന്നുവെന്ന് അറിയുന്നവരും അറിയാത്തവരും അഭിനന്ദിക്കുന്നുമുണ്ട്. ‘മോമോ ഇൻ ദുബൈ’ എന്ന സിനിമയിൽ ‘മോമോ’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ പതിഞ്ഞ ആത്രേയ് ബൈജുരാജ് എന്ന മിടുക്കൻ കഴിഞ്ഞ തവണ ദുബൈയിലെത്തിയത് ഉള്ളിലൽപം പേടിയോടെയായിരുന്നു. താൻ മുഖ്യകഥാപാത്രമാകുന്ന സിനിമയുടെ ഷൂട്ടിങിനായിരുന്നു ആ വരവ്. ‘മോമോ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കണം.
അഭിനയത്തിൽ വലിയ മുൻപരിചയമൊന്നുമില്ല. അച്ഛൻ ബൈജുരാജും ജേഷ്ടൻ അശ്വിനും അഭിനയ മോഹമുള്ളവരും നാടക രംഗത്തുള്ളവരുമാണ്. രക്തത്തിൽ അഭിനയമുള്ളതിനാലാകണം, സിനിമയുടെ ഒഡിഷനിൽ കുട്ടി കഥാപാത്രമാകാൻ ഈ പരപ്പനങ്ങാടിക്കാരൻ തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയുടെ പ്രമോഷന് വേണ്ടി വീണ്ടും ദുബൈയിലെത്തിയ ‘മോമോ’ സിനിമാനുഭവങ്ങൾ ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെക്കുന്നു.
സിനിമയിലേക്ക് അപ്രതീക്ഷിത വരവ്
ബുർജ് ഖലീഫ കാണണമെന്ന് അടങ്ങാത്ത ആഗ്രഹം സൂക്ഷിക്കുന്ന കുട്ടിയുടെ കഥാപാത്രമാണ് ആത്രേയ് സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയിലെത്തണമെന്ന അടങ്ങാത്ത മോഹമൊന്നും അവനുണ്ടായിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായിരുന്നു. സിനിമ മോഹവുമായി നടക്കുന്ന ജേഷ്ടൻ അംഗമായ ഗ്രൂപ്പിൽ ഓഡിഷൻ സംബന്ധിച്ച മെസേജുകൾ വരാറുണ്ട്. ഒരിക്കൽ ആത്രേയുടെ പ്രായത്തിലുള്ള കുട്ടിക്ക് അവസരമുണ്ടെന്ന മെസേജ് ഇതിൽ വന്നു. ഇതേസമയത്ത് സിനിമയുടെ കാസ്റ്റിങ് ടീമംഗങ്ങൾ ‘മോമോ’യാകാൻ യോജിച്ച കുട്ടിക്ക് വേണ്ടി കോഴിക്കോട്, മലപ്പുറം പ്രദേശങ്ങളിൽ അന്വേഷണത്തിലുമായിരുന്നു. അതിനിടയിൽ ഇവർ പരപ്പനങ്ങാടിയിലുമെത്തി.
അവിടെവെച്ച് കണ്ടുമുട്ടിയ ഒരു നാടകകലാകാരൻ ആത്രേയുടെ ഫോട്ടോയും കാണിച്ചു. ഇവൻ കൊള്ളാമല്ലോ എന്ന് തോന്നിയ കാസ്റ്റിങ് ടീമംഗങ്ങൾ വീട്ടിലെത്തി. രണ്ടുദിവസം കഴിഞ്ഞ് നടക്കുന്ന ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന ഓഡിഷനിൽ പങ്കെടുത്തു. ഒരു ചെറിയ സ്ക്രിപ്റ്റ് തന്നു അഭിനയിക്കാനാണ് പറഞ്ഞത്. പരമാവധി നന്നായിത്തന്നെ ചെയ്തു. പക്ഷേ പിന്നീട് മൂന്നുമാസം ഒരു വിവരവുമുണ്ടയില്ല. മെല്ലെ തളിരിട്ടുവന്ന സിനിമ മോഹം വാടിത്തുടങ്ങിയപ്പോൾ അതാ വരുന്നു വിളി. ഓഡിഷന്റെ അടുത്ത സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നായിരുന്നു അറിയിപ്പ്. മലപ്പുറത്തായിരുന്നു രണ്ടാംഘട്ട ഒഡിഷൻ. വീണ്ടും രണ്ടുമാസം പിന്നിട്ടു. കൈവിട്ടുപോയെന്ന് കരുതിയിരികുമ്പോൾ അടുത്ത വിളി വന്നു...യു ആർ സെലക്ടഡ്. അങ്ങനെ ആദ്യ സിനിമയിലേക്ക് വാതിൽ തുറന്നു.
‘മോമോ’യാകാൻ ദുബൈയിൽ
സിനിമയുടെ ഷൂട്ടിങ് നടക്കേണ്ടത് യു.എ.ഇയിലെ വിവിധ പ്രദേശങ്ങളിലായിരുന്നു. പാസ്പോർട്ടും മറ്റു രേഖകളുമൊക്കെ ശരിയാക്കി യാത്രക്കൊരുങ്ങി നിൽക്കുമ്പോഴാണ് കോവിഡ് പടർന്നുപിടിക്കുന്നത്. ഷൂട്ടിങ് വൈകിയ സമയത്ത് അഭിനയ പരിശീലനത്തിന് അവസരം സിനിമ ടീം തന്നെ ഒരുക്കിത്തന്നു. ലോക്ഡൗൺ കഴിഞ്ഞ് വിമാനത്താവളങ്ങൾ തുറന്നതോടെയാണ് ആത്രേയ് അച്ഛനൊപ്പം ‘മോമോ’യാകാൻ ദുബൈയിലെത്തുന്നത്. ദുബൈയിൽ ആദ്യമെത്തിയപ്പോൾ, പുതിയ സ്ഥലമെന്ന ചെറിയ പേടിയൊക്കെ ഉള്ളിലുണ്ടായിരുന്നു. സിനിമ ടീമുമായി ‘സെറ്റാ’യപ്പോൾ ആ പേടിയൊക്കെ മാറി. ദുബൈ, ഷാർജ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. ‘മോമോ’യുടെ വൺമാൻഷോ തന്നെയെന്ന നിലയിൽ സിനിമയിൽ ഉടനീളം കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. ആദ്യത്തിലെ പേടിയൊക്കെ മാറിയതോടെ പിന്നീട് ഫുൾ ത്രില്ലിലായിരുന്നു.
ഒന്നൂടി കേറ്റിപ്പിടിച്ചോ..
‘നല്ലമ്പോലൊക്കെ ചെയ്യുന്നുണ്ട്...ന്നാലും ഒന്നൂടി കേറ്റിപ്പിടിച്ചോ..’ ആദ്യദിന ഷൂട്ടിങിന് ശേഷം സംവിധായകൻ അമീൻ അസ്ലമിന്റെ അഭിനന്ദനവും ഉപദേശവും ഇങ്ങനെയായിരുന്നു. ആദ്യദിവസത്തിന് ശേഷം പിന്നീട് ആത്മവിശ്വാസത്തോടെയാണ് അഭിനയിച്ചത്. അനുസിതാര, അനീഷ് ജി. മേനോൻ എന്നിവരായിരുന്നു സിനിമയിൽ ‘മോമോ’യുടെ മാതാപിതാക്കളായി അഭിനയിച്ചിരുന്നത്. അവരുടെ പ്രോൽസാഹനവും കൂടിയായപ്പോൾ ആവേശം ഇരട്ടിയായി. പിണക്കങ്ങളും ഇണക്കങ്ങളും കുസൃതികളും നിറഞ്ഞതായിരുന്നു ചിത്രം. ആളുകളെ ചിരിപ്പിക്കുന്ന രംഗങ്ങളുമുണ്ടായിരുന്നു. എല്ലാം അഭിനയിച്ചു ഫലിപ്പിച്ചു. അനുസിതാരയെയും അനീഷ് ജി. മേനോനെയും ‘ഉമ്മ’ ‘മുത്തൂട്ടി’ എന്നുതന്നെയാണ് ആത്രേയ് ഇപ്പോഴും വിളിക്കുന്നത്. കഥാപാത്രങ്ങൾക്കപ്പുറം ഇത്തരം ഒരു ബന്ധമുണ്ടായത് അഭിനയത്തിന് മുതൽകൂട്ടാവുകയായിരുന്നു. ഷൂട്ടിങ് കാലത്ത് കുറച്ചുദിവസം അച്ഛനും മറ്റു ദിവസങ്ങളിൽ ജേഷ്ടനുമാനിയുന്നു കൂട്ടിനുണ്ടയിരുന്നത്. അഭിനയത്തെ കുറിച്ച് നല്ല അഭിപ്രായമാണിവരും പങ്കുവെച്ചത്. സിനിമ ഇറങ്ങിയ ശേഷവും ലഭിച്ച പ്രതികരണങ്ങൾ നല്ലതായിരുന്നു എന്നതിൽ സന്തോഷവുമുണ്ട്.
നാട്ടിലും സ്കൂളിലും താരം
സിനിമ അഭിനേതാവായതോടെ ആത്രേയ് ഇപ്പോൾ നാട്ടിലും സ്കൂളിലുമെല്ലാം താരമാണ്. പരപ്പനങ്ങാടി ബി.ഇ.എം എച്ച്.എസ്.എസ് സ്കൂളിൽ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. സഹപാഠികളും സുഹൃത്തുകളുമൊക്കെ നല്ല പിന്തുണയാണ് നൽകിവരുന്നത്. എന്നാവരും അനുമോദിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭാവിയിൽ എന്താകണമെന്നാണ് സ്വപ്നമെന്ന് ചോദിച്ചാൽ മടികൂടാതെ ആത്രേയ് പറയും ‘ഡോക്ടറാകണം, ബഹിരാകാശത്ത് പോകണം.. അതോടൊപ്പം അഭിനയം തുടരുകയും വേണം’. പഠനത്തെ വഴിയിലുപേക്ഷിക്കാൻ അവന് താൽപര്യമില്ല. നന്നായി പഠിക്കണം, അഭിനയിക്കുകയും വേണം എന്ന ദൃഢനിശ്ചയത്തിലാണ്. ഇത്രയും സ്വപ്നങ്ങളൊക്കെ ഒരുമിച്ച് നടക്കുമോ എന്ന ചോദ്യത്തിന് ‘നടക്കണം’ എന്നാണുത്തരം. ജീവിത വഴിയിൽ പ്രചോദനം ആരെന്ന ചോദ്യത്തിന് ഉത്തരം വീട്ടുകാരാണെന്ന് അവൻ പറയും. ആയുർവേദ ഡോക്ടറായ അച്ഛൻ, അമ്മ ജിഷ, ജേഷ്ടൻ എന്നിവർ ചേർന്നതാണ് കുടുംബം. ഇവരിൽ ഏറ്റവും വലിയ പ്രചോദനം അച്ഛൻ തന്നെ. നിലവിൽ ‘ജാക്സൺ ബസാർ യൂത്ത്’, ‘ജാനകി ജാനേ’ എന്നീ രണ്ട് സിനിമകളിൽ കൂടി ആത്രേയ് വേഷങ്ങൾ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനിയും സിനിമകൾ തന്നെ തേടിയെത്തും എന പ്രതീക്ഷയിൽ കൂടിയാണീ മിടുക്കൻ.‘മോമോ ഇൻ ദുബൈ’ സിനിമയിൽ ആത്രേയ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.