"നല്ല ചിത്രങ്ങളുടെ ഭാഗമാകണം, നല്ല കഥാപാത്രങ്ങൾ ചെയ്യണം" അഭിനയം അഭിനിവേശമാക്കി രഞ്ജിത്
text_fieldsറിതിക് റോഷനായിരുന്നു അവന്റെ ഹീറോ. ഊണിലും ഉറക്കത്തിലുമെല്ലാം റിതിക്കിന്റെ നടപ്പും ഡാൻസുമെല്ലാം അവനെ വിടാതെ പിടികൂടി. അങ്ങിനെയാണ് കൊല്ലം സ്വദേശി
രഞ്ജിത്ത് സജീവിന്റെ മനസിലേക്ക് അഭിനയം എന്ന അഭിനിവേശം കടന്നു കൂടുന്നത്. ദുബൈ ജീവിതത്തിനിടയിലും ഈ അഭിനിവേശം വിടാതെ സൂക്ഷിച്ചതിന്റെ ഫലമായി സിനിമ മേഖലയിൽ ചുവടുറപ്പിക്കുകയാണ് രഞ്ജിത്. ഏറ്റവുമൊടുവിലായി, മൈക്ക് എന്ന സിനിമയിലെ അഭിനയത്തിന് നവാഗത പ്രതിഭക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും രജഞ്ജിത്തിനെ തേടിയെത്തി. അതിലുപരിയായി, ജോൺ എബ്രഹാം ആദ്യമായി നിർമിച്ച മലയാള സിനിമയിലെ നായകനാകാനുള്ള ഭാഗ്യവും ലഭിച്ചു ഈ യുവതാരത്തിന്.
ദുബൈയിൽനിന്ന് സിനിമയിലേക്ക്
ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം ദുബൈയിൽ. അതുകൊണ്ടുതന്നെ, അവസരങ്ങൾക്ക് യാതൊരു കുറവുണ്ടായിരുന്നില്ല. ദുബൈ മില്ലേനിയം സ്കൂളിലെ ഹൈസ്കൂൾ പഠനകാലത്തും ദുബൈ അമേരിക്കൻ യൂനിവേഴ്സിറ്റിയിടെ ബി ടെക് കാലത്തുമെല്ലാം സ്കൂളിലെയും കോളജിലെയും താരമായിരുന്നു രഞ്ജിത്. കിട്ടുന്ന വേദിയിലെല്ലാം അവൻ തകർത്താടി. അഭിനയം ലക്ഷ്യമിട്ട് ആക്ടിങ് വർക്ഷോപ്പുകളിൽ പങ്കെടുത്തു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഷോർട് ഫിലിമുകൾ എടുത്തു. നൃത്ത സംഗീത പരിപാടിയായ ബൂഗി വൂഗിയിൽ ഫൈനലിസ്റ്റായി. സിനിമ ഡയലോഗുകൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീൽസുകളാണ് രഞ്ജിത്തിന്റെ സിനിമയിലേക്ക് വഴിതുറന്നത്.
ഈ റീൽസുകൾ ശ്രദ്ധയിൽപെട്ട സംവിധായകൻ വിഷ്ണു ശിവപ്രസാദ് ‘മൈക്ക്’ എന്ന ചിത്രത്തിലേക്ക് രഞ്ജിത്തിനെ ക്ഷണിക്കുകയായിരുന്നു. 2020ലാണ് സിനിമയിലേക്ക് വിളിയെത്തിയതെങ്കിലും കോവിഡ് മൂലം ചിത്രീകരണം വൈകി. ഈ വർഷം പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണവും ലഭിച്ചു. ബോളിവുഡ് സ്റ്റാർ ജോൺ എബ്രഹാം നിർമിക്കുന്ന ചിത്രമാണെന്നറിഞ്ഞത് വൈകിയാണ്.
അദ്ദേഹത്തെ നേരിൽ കാണാനും സംസാരിക്കാനും നല്ല വാക്കുകൾ കേൾക്കാനും കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമായി രഞ്ജിത് കരുതുന്നു. കുട്ടിക്കാലത്ത് ആരാധനയോടെ കണ്ട താരത്തിന്റെ ആദ്യ മലയാള ചിത്രത്തിൽ നായകനാകാൻ കഴിഞ്ഞതിലെ സന്തോഷവും രഞ്ജിത് മറച്ചുവെക്കുന്നില്ല. പ്രവാസ ലോകത്ത് നിന്ന് ആദ്യമായി ഫിലിം ക്രിട്ടിക്സ് അവാർഡിന്റെ പട്ടികയിലെത്തുന്ന യുവതാരമെന്ന പകിട്ടും രഞ്ജിത് സ്വന്തമാക്കി.
ഭാവി പ്രതീക്ഷകൾ:
‘നല്ല ചിത്രങ്ങളുടെ ഭാഗമാകണം, നല്ല കഥാപാത്രങ്ങൾ ചെയ്യണം, അഭിനയം മെച്ചപ്പെടുത്തണം’-ഇത് മാത്രമാണ് ഇപ്പോൾ മനസിൽ. നടൻ വിജയ് ബാബുവിന്റെ ഫ്രൈഡ ഫിലിം ഹൗസിന്റെ ബാനറിൽ സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന ‘കൽബ്’ എന്ന ചിത്രത്തിലെ നായകനായാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാൻസിസ് ഷിനിൽ ജോർജ് ഒരുക്കുന്ന ‘മോദ’ എന്ന ചിത്രത്തിൽ ദിലീഷ് പോത്തനോടൊപ്പം കേന്ദ്ര കഥാപാത്രമായും രഞ്ജിത് എത്തും.
അരോമ ഇന്റർനാഷനൽ ബിൽഡിങ് കോൺട്രാക്ടിങ് കമ്പനി മേധാവി പി.കെ. സജീവിന്റെയും വനിത സംരംഭക ആൻ സജീവിന്റെയും മകനാണ്. സഹോദരി മറിയം ബിസിനസ് വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.