അക്ഷയ് കുമാറിന്റെ ‘സര്‍ഫിര’ കാണുന്നവർക്ക് ചായയും സമൂസയും; ഓഫറുമായി നിർമാതാക്കള്‍
text_fieldsഅക്ഷയ് കുമാർ ചിത്രം സർഫിര കാണാൻ തിയറ്ററുകളിൽ എത്തുന്നവർക്ക് ചായയും രണ്ട് സമൂസയും സൗജന്യമായി നൽകുമെന്ന് നിർമാതാക്കൾ.മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ഐനോക്‌സ് മൂവീസിന്റെ ഒഫീഷ്യല്‍ എക്‌സ് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ചിത്രം കാണാൻ ആളുകൾ എത്താതായതോടെയാണ് നിർമാതാക്കളുടെ ഓഫർ.ചായയും സമൂസയും കൂടാതെ ചിത്രത്തിന്റെ ഒരു മെര്‍ച്വന്റെസ് സൗജന്യമായി ലഭിക്കും. സര്‍ഫിരയുടെ ഒരു ലഗേജ് ടാഗാണ് ഫ്രീയായി ലഭിക്കുക. ഐനോക്‌സ് മൂവീസിന്റെ ട്വീറ്റ് വൈറലായിട്ടുണ്ട്.
ജൂലൈ 12 ന് തിയറ്ററിലെത്തിയ സർഫിരയെ പ്രേക്ഷകർ പൂർണ്ണമായി ഉപേക്ഷിച്ചിരിക്കുകയാണ്. 80 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ആദ്യദിനം നേടാനായത് കേവലം 2 കോടിയാണ്. ഇത് അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും കുറഞ്ഞ ഓപ്പണിങ് കളക്ഷനാണ്. നാല് ദിവസം കൊണ്ട് 13 കോടി രൂപമാത്രമാണ് ചിത്രം സ്വന്തമാക്കിയത്. .
സർഫിര മാത്രമല്ല അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ഭൂരിഭാഗം ചിത്രങ്ങളും ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ ബഡേ മിയാൻ ഛോട്ടെ മിയാൻ വൻ പരാജയമായിരുന്നു. 350 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 59 കോടി മാത്രമാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.മിഷൻ റാണിഗഞ്ജ്,മലയാള ചിത്രം ഡ്രൈവ് ലൈസൻസിന്റെ ഹിന്ദി പതിപ്പായ സെൽഫി, സാമ്രാട്ട് പൃഥ്വിരാജ് ,രക്ഷാബന്ധൻ തുടങ്ങിയ ചിത്രങ്ങളും തിയറ്ററുകളിൽ തകർന്നു വീണു. അക്ഷയ് കുമാറിന്റെ സൂര്യവന്‍ശിയും ഒ.എം.ജി 2 മാത്രമായിരുന്നു ബോക്സോഫീസിൽ അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്.
സൂര്യ പ്രധാനവേഷത്തിലെത്തിയ സുധ കൊങ്ങരയുടെ തമിഴ് ചിത്രം സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്ക് ആണ് സര്‍ഫിര. ചിത്രത്തില്‍ പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തിയിരുന്നു. അബണ്ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ്, 2ഡി എന്റര്‍ടെയ്ന്‍മെന്റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.