സിനിമ തിയറ്ററുകൾ തുറക്കാൻ തടസ്സം നിർമാതാക്കളും ഉടമകളും തമ്മിലെ തർക്കം
text_fieldsതൃശൂർ: സിനിമ തിയറ്റർ തുറക്കുന്നത് സംബന്ധിച്ച തർക്കം അനിശ്ചിതമാക്കുന്നത് നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിലെ തർക്കം. പുതിയ സിനിമകൾ തിയറ്ററുകളിലെ ഡിജിറ്റൽ വിതരണ ശൃംഖലയായ യു.എഫ്.ഒ ക്യൂബ് സംവിധാനം മാറ്റി നിർമാതാക്കളുടെ സംഘടന കണ്ടെത്തിയ കണ്ടൻറ് മാസ്റ്ററിങ് അഥവ കണ്ടൻറ് പ്രൊസസിങ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ നിർദേശിച്ചതാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.
യു.എഫ്.ഒ സംവിധാനം വഴിയുള്ള സിനിമ പ്രദർശനത്തിന് ഒരാഴ്ച 28,000 രൂപ ഒരു സ്ക്രീനിലേക്കായി നിർമാതാവ് യു.എഫ്.ഒക്ക് കൊടുക്കണമെന്നുണ്ട്. ഇനി മുതൽ ഈ തുക നൽകാനാവില്ലെന്ന് തിയറ്റർ ഉടമകളെ അറിയിച്ചതായി സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ശശി കല്ലിയൂർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതോടെ പുതു സിനിമകൾ തിയറ്റകളിലെത്താനുള്ള സാധ്യത അടയുമെന്നാണ് ആശങ്ക.
അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സാറ്റ്ലൈറ്റ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സിനിമ വിതരണ ശൃംഖലയാണ് യു.എഫ്.ഒ. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയ തിയറ്ററുകളിൽ ഭൂരിഭാഗവും യു.എഫ്.ഒ കമ്പനിയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് സാറ്റ്ലൈറ്റ് അധിഷ്ഠിത പ്രൊജക്ടർ സംവിധാനമുൾപ്പെടെയാണ് തിയറ്ററുകളിൽ സജ്ജീകരിച്ചിട്ടുള്ളത്. നിർമാതാക്കളുടെ തീരുമാനം അംഗീകരിക്കേണ്ടി വന്നാൽ പുതിയ പ്രൊജക്ർ തിയറ്ററിൽ ഒരുക്കേണ്ട ബാധ്യത ഉടമകൾക്ക് വന്നുചേരും. അതോടൊപ്പം യു.എഫ്.ഒയുമായുണ്ടാക്കിയ കരാർ റദ്ദാക്കുകയും ചെയ്യണം.
ഇക്കാര്യത്തിൽ ഒരുതരത്തിലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടന. 85 ലക്ഷം രൂപയോളം ചെലവിട്ട് കണ്ടൻറ് പ്രൊസസിങ് സംവിധാനം കൊണ്ടുവരാനുള്ള പ്രവൃത്തി ഏറെക്കുറെ പൂർത്തിയായി. ഇതിൽ പകുതി തുക പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പകുതി നിർമാണ കമ്പനിയും വഹിച്ചിട്ടുണ്ട്. പുതുസംവിധാനം വഴി 5500 രൂപ സിനിമയുടെ ഒരു പ്രദർശനത്തിന് തിയറ്റർ ഉടമകൾ നൽകേണ്ടിവരും. ഇതിൽ 3500 രൂപ നിർമാണ കമ്പനിക്കും 2000 രൂപ അസോസിയേഷനും നൽകാമെന്നാണ് ധാരണ.
ഇതിനകം പുതുസംവിധാനം വഴി 15 സിനിമകൾ സെൻസറിങ്ങിന് കൊടുത്തതായും നിർമാതാക്കളുടെ സംഘടന ഭാരവാഹികൾ അറിയിച്ചു. ഇതിനായി തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ അത്യാധുനിക പ്രൊജക്ടർ സ്ഥാപിച്ചുകഴിഞ്ഞു. അതേസമയം, യു.എഫ്.ഒ പ്രതിസന്ധി ഉൾപ്പെടെ സിനിമ തിയറ്റർ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ശനിയാഴ്ച തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് യോഗം ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.