സിനിമയുടെ കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നീങ്ങുന്നില്ല, ഫേസ്ബുകിൽ ഇനി നിരന്തരമായി ഉണ്ടാകില്ല -അലി അക്ബർ
text_fieldsകോഴിക്കോട്: വാരിയംകുന്നനെ വില്ലനാക്കി അവതരിപ്പിക്കുന്ന 1921 സിനിമക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉദ്ദേശിച്ച പോലെ മുന്നോട്ട് നീങ്ങുന്നില്ലെന്ന് സംവിധായകനും ബി.ജെ.പി അനുകൂലിയുമായ അലി അക്ബർ. നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാൻവാസിൽ സിനിമ സാധ്യമാവില്ല. കിട്ടിയ തുകയിൽ നിന്ന് നാല് ലക്ഷം പ്രാഥമിക ചിലവുകൾക്കായി പിൻവലിച്ചിട്ടുണ്ട്. സിനിമക്ക് വേണ്ടി കുറച്ചുകാലം ആനുകാലികത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നു. ഫേസ്ബുകിൽ ഇനി നിരന്തരമായി ഉണ്ടാകില്ലെന്നും അലി അക്ബർ പറഞ്ഞു.
ആഷിഖ് അബുവും സംഘവും വാരിയൻ കുന്നൻ സിനിമ പ്രഖ്യാപിച്ചപ്പോഴാണ് വിഷയത്തിൽ മറ്റൊരു സിനിമ സംഘ്പരിവാർ പിന്തുണയോടെ അലി അക്ബർ പ്രഖ്യാപിച്ചത്. ആഷിഖ് അബുവിന്‍റെ സിനിമയിൽ ചരിത്രത്തെ വളച്ചൊടിക്കപ്പെടുമെന്നും യാഥാർഥ്യം ജനങ്ങളിലേക്ക് എത്തണമെന്നും പറഞ്ഞായിരുന്നു 1921 സിനിമ പ്രഖ്യാപനം. ഇതിന് ബി.ജെ.പി അനുഭാവികളിൽ നിന്ന് പിന്തുണ ലഭിച്ചതോടെ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പണപ്പിരിവും നടത്തിയിരുന്നു.
കിട്ടിയ പണത്തിന്‍റെ കണക്കുകൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന് അലി അക്ബർ അവകാശപ്പെടുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യിൽ ഏൽപ്പിക്കുന്നുണ്ട്. പണം തന്നവരിൽ കൂടുതലും ഡീറ്റെയിൽസ് പുറത്ത് വിടരുതെന്ന് പറഞ്ഞവരാണ്. നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാൻവാസ് സാധ്യമാവില്ല. പലരും സിനിമ തുടങ്ങുമ്പോൾ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാൻ പറ്റില്ലായെന്നും അലി അക്ബർ പറയുന്നു. കഴിഞ്ഞ ആഗസ്റ്റ് വരെ 70 ലക്ഷത്തിലേറെ പണം കിട്ടിയതായി അലി അക്ബർ മുമ്പ് പറഞ്ഞിരുന്നു.
അലി അക്ബറിന്‍റെ കുറിപ്പ് പൂർണരൂപം വായിക്കാം...
കുറച്ചുകാലം ആനുകാലികത്തിൽ നിന്നും, രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നു, പൂർണ്ണമായും ഏറ്റെടുത്ത പദ്ധതിയിലേക്ക് തിരിയുന്നു.ആകയാൽ FB യിൽ നിരന്തരമായി ഉണ്ടാവില്ല...
ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല, ഭഗവാൻ ഉദ്ദേശിക്കുന്നതുപോലെയല്ലേ നീങ്ങൂ, ചിലപ്പോൾ ഇതും ഒരു പരീക്ഷണമാവാം.. പക്ഷെ എന്നിൽ വിശ്വാസമർപ്പിച്ചു സമർപ്പണം ചെയ്തവരോട് എനിക്ക് ബാധ്യതയും കടപ്പാടുമുണ്ട്... ആയതുകൊണ്ട് തന്നേ കൂടുതൽ കഷ്ടപ്പാട് വേണ്ടിവരും... സാരമില്ല..
എഴുത്ത് ഏകദേശം പൂർണ്ണതയിലേക്കെത്തുന്നു. ഇനിയത് ചർച്ചചെയ്യപ്പെടണം തിരുത്തണം..
എങ്ങിനെ പൂർത്തീകരിക്കും എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉണ്ട് പക്ഷേ ഞാനൊരു ശക്തിയെ വിശ്വസിക്കുന്നുണ്ട്, ആ ശക്തി എന്റെ കൂടെയുണ്ടാകും എന്നെനിക്ക് പ്രതീക്ഷയുണ്ട്, ഒപ്പം ഒരുപാട് പേരുടെ പ്രാർത്ഥനയും, പിന്നെ കുറേ ആത്മാക്കളുടെ പിന്തുണയും.
തുടക്കം മുതൽ കൂടെ നിന്നവരേക്കാൾ തിരിഞ്ഞു നിന്നവരായിരുന്നു കൂടുതലും, അതും കൂടെയുള്ളവർ. എല്ലാം മനസ്സിൽ കോറിയിട്ടിട്ടുണ്ട്. സമയമാവുമ്പോൾ മറുപടി പറയാം..
തിരിഞ്ഞും മറിഞ്ഞും കണക്കുകൾ ചോദിക്കുന്നവരോട്,ബാങ്ക് സ്റ്റേറ്റ്മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യിൽ ഏൽപ്പിക്കുന്നുണ്ട്, അദ്ദേഹം ചോദിച്ചു ഇതെന്തിനാണെന്ന് ഞാൻ പറഞ്ഞു "എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒരാളുടെ കയ്യിലെങ്കിലും കണക്കു വേണമല്ലോ അതിനാണെന്ന്"...
അങ്ങിനെ വേണം നാമൊന്നും ചിരഞ്ജീവികളല്ലല്ലോ....
പണം തന്നവരിൽ കൂടുതലും ഡീറ്റെയിൽസ് പുറത്ത് വിടരുതെന്ന് പറഞ്ഞവരാണ് അല്ലാതിരുന്നെങ്കിൽ എളുപ്പമായിരുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാൻവാസ് സാധ്യമാവില്ല...പലരും സിനിമ തുടങ്ങുമ്പോൾ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാൻ പറ്റില്ല ഒരു സിനിമയുടെ ബഡ്‌ജറ്റിൽ ഭൂരിഭാഗവും കലാകാരന്മാരുടെ പ്രതിഫലവും ചിലവുകളുമാണ് അത് മുൻകൂട്ടി കരാർ ചെയ്യപ്പെടേണ്ടതാണ്.ഷൂട്ടിംഗ് തുടങ്ങിയിട്ട് അത് സാധ്യമാവില്ലല്ലോ... അപ്പോൾ പിന്നെ മറ്റു വഴിയേ ഉള്ളു....
എന്തായാലും സിനിമയുണ്ടാകും അതിൽ സംശയം വേണ്ട... അത് എപ്രകാരം എന്നുള്ളതാണ് ഇപ്പോൾ ആലോചന... പത്തുപേർ ചെയ്യുന്ന ജോലി ചെയ്യാം, പ്രായം അതിനേ സമ്മതിക്കൂ പണ്ടായിരുന്നേൽ അൻപതു പേരുടെ ജോലി ചെയ്യുമായിരുന്നു...
പ്രവർത്തനങ്ങൾക്കായി ഒരു വീട് വാടകയ്‌ക്കെടുത്തിട്ടുണ്ട്, പ്രാഥമിക ചിലവുകൾക്കായി 4 ലക്ഷം പിൻവലിച്ചിട്ടുണ്ട്..
പ്രവർത്തനങ്ങൾ തുടങ്ങി...
ആദ്യം സെറ്റിടാനുള്ള ഓല മെടയാൻ ഏൽപ്പിക്കുകയാണ് ചെയ്തത്... പെട്ടന്ന് കിട്ടാത്തത് അതാണല്ലോ...
സഹായിക്കാനുദ്ദേശിക്കുന്നവർ വൈകാതെ ചെയ്യുക..
അത് കൂടുതൽ ഉപകാരപ്പെടും.
പ്രാർത്ഥന കൂടെയുണ്ടാവണം...
അലിഅക്ബർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.