പേരോ, ശബ്ദമോ ഉപയോഗിക്കരുത്... ജാക്കി ഷറോഫ് കോടതിയിൽ
text_fieldsതന്റെ പേരോ ശബ്ദമോ ഫോട്ടോയോ അനധികൃതമായി ഉപയോഗിക്കുന്നതിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ബോളിവുഡ് താരം ജാക്കി ഷറോഫ് ഡൽഹി ഹൈകോടതിയിൽ. വാണിജ്യ ആവശ്യങ്ങൾക്കായി തന്റെ പേരും ഫോട്ടോയും അനധികൃതമായി ഉപയോഗിച്ചതിനെതിരെയാണ് നടൻ കോടതിയെ സമീപിച്ചത്.
തന്റെ അറിവോ സമ്മതമോമില്ലാതെ പേരോ ചിത്രങ്ങളോ ശബ്ദമോ ഉപയോഗിക്കരുതെന്ന് നടൻ ഹരജിയിൽ പറയുന്നു. ജസ്റ്റിസ് സഞ്ജീവ് നരുല വിശദവാദം കേൾക്കുകയും നിരവധി സ്ഥാപനങ്ങള്‍ക്ക് സമന്‍സ് അയക്കുകയും ചെയ്തു. ഇടക്കാല ഉത്തരവിന്റെ കാര്യത്തില്‍ നാളെ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
നടന്റെ ചിത്രങ്ങളും ശബ്ദവും ചില മീമുകളിലും മറ്റ് തെറ്റിദ്ധാരണ പരത്തുന്ന ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പരാതി നല്‍കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രവീണ്‍ ആനന്ദ് അറിയിച്ചു.
ജാക്കി ഷറോഫിന്റെ ജാക്കി, ജഗ്ഗു ദാദ, ഭിദു എന്നീ പേരുകളുടെ സംരക്ഷണവും തേടിയിട്ടുണ്ട്. കൂടാതെ വ്യക്തിത്വ അവകാശങ്ങളെ ഹനിക്കും വിധത്തിലുള്ള വെബ്‌സൈറ്റ് ലിങ്കുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും ജാക്കി അപേക്ഷ നല്‍കിയിട്ടുണ്ട്.
നേരത്തെ താരങ്ങളായ അമിതാഭ് ബച്ചനും അനിൽ കപൂറും തങ്ങളുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. കേസില്‍ കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.