'പ്രഫസർ അമ്പിളി'; വെള്ളിത്തിരയിലേക്ക് വീണ്ടും ജഗതി ശ്രീകുമാർ
text_fieldsമലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടൻമാരിൽ ഒരാളായ ജഗതി ശ്രീകുമാർ സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു. അദ്ദേഹത്തിന്‍റെ പിറന്നാൾ ദിനത്തിലാണ് പുതിയ കഥാപാത്രത്തിന്‍റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 'വല' എന്ന് പേരിട്ടിരിക്കുന്ന അരുൺ ചന്ദു ചിത്രത്തിലാണ് ജഗതി തിരിച്ചുവരവ് നടത്തുന്നത്. 'പ്രഫസർ അമ്പിളി' അഥവാ 'അങ്കിൾ ലൂണാർ' എന്ന മുഴുനീള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുക.
2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത ജഗതി 2022ൽ പുറത്തിറങ്ങിയ സി.ബി.ഐ 5 ദി ബ്രെയ്നിൽ അതിഥിവേഷത്തിലെത്തിയിരുന്നു. പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്‌മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം വലയിൽ എത്തുന്നതെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. പോസ്റ്റർ ഇപ്പോൾ തന്നെ സോഷ്യല്ത്സ മീഡിയയിൽ വൈറലാകുന്നുണ്ട്.
'ഗഗനചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പുത്തൻ ജോണർ തുറന്നുകൊടുത്ത യുവ സംവിധായകൻ അരുൺ ചന്തുവിൻ്റെ അടുത്ത ചിത്രമാണ് 'വല'. സയൻസ് ഫിക്ഷൻ മോക്യുമെൻ്ററിയായ 'ഗഗനചാരി'ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് 'വല' എന്ന പുതിയ ചിത്രമെത്തുന്നത്. 'വല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗൺസ്മെൻ്റ് വീഡിയോയും രസകരമായിരുന്നു.
ഗോകുൽ സുരേഷ്, അജു വർഗീസ് എന്നിവർക്കൊപ്പം ഗഗനചാരിയിലെ അനാർക്കലി മരിക്കാർ, കെ. ബി. ഗണേശ്‌കുമാർ, ജോൺ കൈപ്പള്ളിൽ, അർജുൻ നന്ദകുമാർ എന്നിവരും വലയിൽ ഭാഗമാണ്. മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും 'വല'യ്ക്ക് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.