റിലീസിന് പിന്നാലെ ജവാൻ ഓൺലൈനിൽ ചോർന്നു; വിവാദം, ആശങ്ക
text_fieldsറിലീസിനു പിന്നാലെ ഇന്ത്യൻ സിനിമാ ലോകം ആഘോഷമാക്കുകയാണ് ഷാറൂഖ് ഖാന്റെ ജവാൻ. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യൻ സിനിമയിൽ ഇതുവരെയുളള സകല റെക്കോർഡുകൾ മറികടന്ന് മുന്നേറുകയാണ്. സിനിമ പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോൾ 200 കോടിയാണ് ആഗോളതലത്തിൽ ജവാൻ നേടിയത്.
129. 6 കോടിയാണ് ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ. സിനിമയുടെ അണിയറപ്രവർത്തകരാണ് കളക്ഷൻ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണിത്. 106 കോടിയായിരുന്നു ആഗോളതലത്തിൽ ഷാറൂഖ് ഖാൻ ചിത്രം പത്താൻ നേടിയത്.
ഇതിനിടയിൽ വിവാദങ്ങളും ജവാനെ വിടാതെ പിന്തുടരുന്നുണ്ട്. തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സിനിമ ഓൺലൈനിൽ ചോർന്നതായാണ് വിവരം. ചിത്രത്തിന്റെ കാമറ പ്രിന്റ് ചോർന്നതയായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പൈറസി വെബ്‌സൈറ്റുകൾ സിനിമാ ഹാളുകളിൽ ആദ്യ ഷോ കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളിൽ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ചോർത്തിയെന്നാണ് വിവരം. എന്നിരുന്നാലും, പൈറസി വെബ്‌സൈറ്റുകളിലെ ചോർച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ കുറയ്ക്കാൻ സാധ്യതയില്ല എന്നാണ് കരുതപ്പെടുന്നത്.
അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിന് സിനിമാ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് മുമ്പ് തന്നെ, ചിത്രത്തിന്‍റെ 7.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചിരുന്നു. ഈ കുതിപ്പ് തുടരുകയാണെങ്കിൽ ഒരാഴ്ചക്കുള്ളിൽ ആഗോളതലത്തിൽ ജവാൻ 500 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
ഷാറൂഖ് ഖാന്റെ മാസ് എന്റർടെയ്നറാണ് ജവാൻ. ചിത്രത്തിൽ കിങ് ഖാൻ വ്യത്യസ്തമായ ഗെറ്റപ്പുകളിൽ എത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്. നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുകോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ കാമിയോ റോളിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.