രണ്ടേകാൽ മണിക്കൂറിൽ ചിത്രീകരിച്ച 'അത്ഭുതം'; സുരേഷ് ഗോപി സിനിമക്ക് 16 വർഷത്തിനുശേഷം ഒ.ടി.ടി റിലീസ്
text_fieldsരണ്ടേകാൽ മണിക്കൂറിൽ ചിത്രീകരണം പൂർത്തിയാക്കി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ജയരാജ് ചിത്രം 'അത്ഭുതം' 16 വർഷത്തിനുശേഷം ഒ.ടി.ടിയിൽ റിലീസ് ചെയ്തു. സുരേഷ് ഗോപി നായകനായ 'അത്ഭുത'മാണ് റൂട്സിന്റെ ഒ.ടി.ടി പ്ലാറ്റ്േഫാമിൽ വിഷു റിലീസ് ആയെത്തിയത്. ജയരാജിന്‍റെ നവരസ സിനിമ പരമ്പരയിലെ നാലാമത്തെ സിനിമയാണ് ഇത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ 2005ൽ ആയിരുന്നു ചിത്രീകരണം.
ദയാവധത്തിന് അനുമതി തേടുന്ന ഒരു മലയാളിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് 'അത്ഭുതം' പ്രമേയമാക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന മലയാളിയായ ചന്ദ്രശേഖര വാര്യര്‍ ഗുരുതര രോഗം ബാധിച്ച് ജീവിതത്തോട് മല്ലിടുകയാണ്. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ കോടതിയെ സമീപിക്കുന്നു. കോടതി അയാളുടെ അപേക്ഷ അംഗീകരിക്കുന്നു. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്നര വരെ ആശുപത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. സുരേഷ് ഗോപി, കെ.പി.എസ്.സി ലളിത, മമത മോഹൻദാസ്, കാവാലം ശ്രീകുമാർ തുടങ്ങിയ മലയാളി താരങ്ങൾക്കൊപ്പം ഹോളിവുഡ് നടീനടന്‍മാരും ഈ ചിത്രത്തിൽ അഭിനയിച്ചു.
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പത്ത് മണിക്കൂറിനുള്ളില്‍ ചിത്രീകരിക്കാനായിരുന്നു ജയരാജ് ആദ്യം തീരുമാനിച്ചത്. എന്നാൽ അറുപതോളം ആർട്ടിസ്റ്റുകളുടെയും ഫോട്ടോഗ്രാഫിയിൽ വിസ്മയങ്ങൾ രചിക്കുന്ന എസ്. കുമാറിന്‍റെയും സഹകരണത്തോടെ രണ്ടു മണിക്കൂർ പതിനാലു മിനിറ്റിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കി. 2005 ഡിസംബർ 13നായിരുന്നു ചിത്രീകരണം. ഇതിന് മുമ്പ് ഏഴുദിവസം റിഹേഴ്സൽ നടത്തി. ഓരോ ആർടിസ്റ്റിന്‍റെയും പൊസിഷനും ചലനങ്ങളും സ്കെച്ച് ചെയ്തു നൽകിയിരുന്നു. ഡോക്ടറിന്‍റെ മുറിയും പേഷ്യന്‍റിന്‍റെ മുറിയും പിന്നെ ഒരു ലോബിയുമടങ്ങിയ ഹോസ്പിറ്റൽ സെറ്റിലായിരുന്നു ചിത്രീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.