നിശ്ശബ്ദതയിൽ സംസാരിക്കുന്ന നടൻ- 40 വർഷം മുമ്പ് 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' തീയറ്ററിൽ കണ്ട അനുഭവവുമായി ജയരാജ് വാര്യർ
text_fieldsമലയാള സിനിമയിൽ ചരിത്രപരമായ അടയാളപ്പെടുത്തലായിരുന്നു ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'. അന്നുവരെ മലയാളികൾ കണ്ട വാണിജ്യ ചേരുവകളേതുമില്ലാതെ പുതിയ രീതിയിലുള്ള സിനിമാ ചമത്കാരം ആയിരുന്നു അതെന്ന് പറയുന്നു നടൻ ജയരാജ് വാര്യർ. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' റിലീസ് ചെയ്തിട്ട് 40 വർഷം തികയുന്ന വേളയിൽ സിനിമ തീയറ്ററിൽ കണ്ട അനുഭവം അദ്ദേഹം ഓർത്തെടുത്തു.
'സിനിമയുടെ സംവിധായകൻ മുതലുള്ള ഭൂരിഭാഗം പേരും പുതുമുഖങ്ങൾ ആയിരുന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. അക്കാലത്തെ ന്യൂജൻ സിനിമ. മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളുടെ ഉദയം കൂടിയായി ആ സിനിമ. അന്ന് സിനിമ കണ്ട ശേഷം ഞങ്ങൾ ചർച്ച ചെയ്തത് അതിലെ വില്ലൻ നടനെ കുറിച്ചായിരുന്നു. മലയാളി മനസിലേക്ക് ഒരു തോളും ചരിച്ച് നടന്നു കയറിയ മോഹൻലാൽ ആ സിനിമയിലൂടെ അഭ്രപാളികൾക്ക് വിസ്മയം സമ്മാനിച്ചു. ചുരുട്ടും ചുവന്ന വെളിച്ചവും അകമ്പടി സേവിക്കാത്ത ഒരു വില്ലനെ മലയാളി ആദ്യമായി കണ്ടു. നായകനെക്കാൾ വില്ലൻ ചർച്ചാവിഷയമായി. മോഹൻലാൽ മലയാളിക്ക് സ്വന്തമായി'- ജയരാജ് വാര്യർ പറഞ്ഞു.
മോഹൻലാൽ, ശങ്കർ, പൂർണിമ എന്നിവർക്ക് പുറമെ പ്രതാപചന്ദ്രൻ, ആലുംമൂടൻ, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മനോഹരമായ ഗാനങ്ങളാലും ഈ ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടി. മിഴിയോരം, മഞ്ഞണിക്കൊമ്പിൽ, മഞ്ചാടിക്കുന്നിൽ തുടങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനരചന നിർവ്വഹിച്ചത് ബിച്ചു തിരുമലയായിരുന്നു. സംഗീതസംവിധാനം ജെറി അമൽദേവും. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' തീയറ്ററിൽ കണ്ട അനുഭവം വിവരിച്ച് മോഹൻലാൽ എന്ന നടന്‍റെ ഭാവഭേദങ്ങളിലൂടെ ജയരാജ് വാര്യർ യാത്ര ചെയ്യുന്ന വിഡിയോ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.