'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ', പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണവും; പ്രതികരിച്ച് ജയസൂര്യ
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ പിന്നാലെ ഉയർന്നുവന്ന പീഡനാരോപണങ്ങളിൽ ഇതാദ്യമായി പ്രതികരിച്ച് ചലച്ചിത്ര താരം ജയസൂര്യ. ഫേസ്ബുക്കിലൂടെയായിരുന്നു ജയസൂര്യയുടെ പ്രതികരണം. തനിക്ക് നേരെ വ്യാജ പീഡനാരോപണമാണ് ഉയർന്നതെന്ന് ജയസൂര്യ പറഞ്ഞു. പീഡനം പോലെ തന്നെ വേദാനജനകമാണ് വ്യാജ പീഡനാരോപണവും. രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉയർന്നത് തന്നെയും തന്നെ സ്നേഹിക്കുന്നവരേയും ദുഃഖത്തിലാഴ്ത്തിയെന്നും ജയസൂര്യ പറഞ്ഞു. ജന്മദിനത്തിലാണ് ജയസൂര്യയുടെ പ്രതികരണം.
പീഡനാരോപണമുണ്ടായപ്പോഴുണ്ടായ മരവിപ്പുകൾക്ക് ഒടുവിൽ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
വ്യക്തപരമായ ചില ആവശ്യങ്ങൾക്കായി കഴിഞ്ഞ ഒരു മാസമായി അമേരിക്കയിലാണെന്നും ഉടൻ നാട്ടിൽ തിരിച്ചെത്തും. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ.പി.സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് രണ്ടാമതും പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.