സുരേഷ് ഗോപി കഥാപാത്രം ചിരട്ടകളിൽ സൃഷ്ടിച്ച് ജയേഷ്
text_fieldsതളിക്കുളം: നടൻ സുരേഷ് ഗോപിയുടെ പുതിയ സിനിമയിലെ കഥാപാത്രത്തെ ചിരട്ടകൾകൊണ്ട് രൂപപ്പെടുത്തിയ യുവാവിന്‍റെ കലാപ്രകടനം ശ്രദ്ധേയമാകുന്നു. തളിക്കുളം ഇടശേരി സ്വദേശി കാഞ്ഞങ്ങാട്ട് ജയേഷാണ് 5000 ചിരട്ടകൾകൊണ്ട് സുരേഷ് ഗോപിയുടെ പാപ്പൻ സിനിമയിലെ കഥാപാത്രത്തെ നിർമിച്ചത്.
താരത്തോടുള്ള ഇഷ്ടമാണ് ഇതിന് പിന്നിലെന്നാണ് ജയേഷ് പറയുന്നത്. മൂന്നുമാസത്തെ അധ്വാനമെടുത്താണ് ചിരട്ടകളാൽ താരത്തിന്‍റെ പുതിയ കഥാപാത്രം രൂപപ്പെടുത്തിയത്. സുഹൃത്തുക്കൾ മുഖേനയാണ് ഇത്രയധികം ചിരട്ടകൾ ശേഖരിച്ചത്. വെള്ള, കറുപ്പ്, ചാര നിറങ്ങളിലുള്ള എമൽഷൻ പെയ്ന്‍റാണ് ചിരട്ടകൾക്ക് നൽകിയത്. വാട്ടർ സീലറും പ്രൈമറും ഇതോടൊപ്പം ഉപയോഗിച്ചിരുന്നു. മുപ്പതടിയോളം വലുപ്പത്തിലാണ് പാപ്പൻ കഥാപാത്രത്തെ ചിരട്ടകൾകൊണ്ട് സൃഷ്ടിച്ചെടുത്തത്.
ബോട്ടിൽ ആർട്ടിലടക്കം ഏറെ മികവ് കണ്ടെത്തിയ പ്രതിഭകൂടിയാണ് ജയേഷ്. വാടകക്ക് താമസിക്കുന്ന ഫ്ലാറ്റുടമ ഹാഫിസിന്‍റെ മകൻ നാസിഫും ജയേഷിന്‍റെ പ്രയത്നത്തിന് ഒപ്പമുണ്ടായിരുന്നു. ഇതോടൊപ്പം തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ഐ. സജിത, ബന്ധുക്കളും പഞ്ചായത്ത് അംഗങ്ങളുമായ ബുഷ്‌റ അബ്ദുൽ നാസർ, സിംഗ് വാലത്ത് എന്നിവരും എത്തി. ഭാര്യ റിനിഷയും മൂന്നര വയസ്സുകാരിയായ മകൾ ദേവർഷയും മാതാപിതാക്കളായ രാജനും കോമളയും ഒപ്പമുണ്ട്. പ്രിയ താരം തന്‍റെ സൃഷ്ടി കാണാൻ എത്തുന്നതും കാത്തിരിക്കുകയാണ് ജയേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.