മലയാളിയുടെ ചിന്തകളെ കൊത്തിവലിക്കുന്ന 'കൂമൻ' -റിവ്യൂ
text_fields'പ്രബുദ്ധ കേരളം' എന്ന താങ്ങാനാവാത്ത ഭാരം തലച്ചുമടായി കൊണ്ടു നടക്കുന്ന മലയാളിക്ക് കിട്ടിയ കൊട്ടാണല്ലോ സമകാലീന സംഭവങ്ങൾ. നൂറ്റാണ്ടുകൾ പുറകിലേക്ക് സഞ്ചരിക്കുന്ന കുറെ മനുഷ്യർ. കാടൻ രീതിയും വിശ്വാസങ്ങളും ഇപ്പോഴും ആചരിക്കുന്നവർ. ഒറ്റവാക്കിൽ പറഞ്ഞാൽ മനുഷ്യ വിരുദ്ധർ. പ്രണയത്തിലും നിഷ്കളങ്കതയിലും നഞ്ച് കലർത്താൻ മടിയില്ലാത്ത പുതു തലമുറ. കാലം അങ്ങനെ കൂടെ ഈ നാടിനെ അടയാളപ്പെടുത്തുന്നത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. അത്തരം പ്രാകൃത ബോധത്തിന്റെ ഇരുട്ടുമൂടി മറഞ്ഞ മനുഷ്യന്റെ ചിന്തയിലേക്കാണ് ജീത്തു ജോസഫ് ക്യാമറ റോൾ ചെയ്യുന്നത്. അതുകൊണ്ടാണ് 'കൂമൻ' മലയാളി കണ്ടിരിക്കേണ്ട ചിത്രമാകുന്നത്.
രാത്രി മാത്രം പുറത്തിറങ്ങുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന പക്ഷിയാണ് മൂങ്ങ വിഭാഗത്തിലുള്ള കൂമൻ. ഇരുട്ടിൽ മാത്രമെ ഇരപിടിക്കു എന്നതും അവയുടെ പ്രത്യേകതയാണ്. വല്ലാത്ത ശബ്ദത്തിൽ സന്ധ്യാസമയങ്ങളിൽ ശബ്ദമുണ്ടാക്കുന്ന കൂമനെ ദുശകുനമായി കാണുന്നവരും കുറവല്ല. മുന്നിലുള്ള ഇവയുടെ കണ്ണുകളും മറ്റ് പക്ഷി വർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കൂമനെന്ന പക്ഷിയും അതിന് പുറകിൽ പ്രചരിക്കുന്ന ഇത്തരം വിശ്വാസ സങ്കൽപ്പങ്ങളും ചിത്രത്തിന്റെ പേര് അന്വർഥമാക്കുന്നുണ്ട്. ബാക്കിയെല്ലാം തീയേറ്ററിൽ ഇരുന്ന് അനുഭവിക്കേണ്ട വിസ്മയമാണ്.
ലോക നിലവാരത്തിലുള്ള ത്രില്ലർ സീരീസുകൾ ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ കീഴടക്കുന്ന കാലമാണല്ലോ. അത്തരം സീരീസുകളുടെ സ്ഥിരം കാഴ്ചക്കാരായി മാറിയ മലയാളിക്ക് മുന്നിലേക്കാണ് കൂമൻ പറന്നിറങ്ങുന്നത്. കാലത്തെ വെല്ലുവിളിക്കാൻ സാധിക്കുന്ന കാമ്പ് ചിറക്കിനുള്ളിൽ കരുതിയിട്ടുണ്ടെന്ന് നിസംശയം പറയാം. മേക്കിങ് രീതിയും തിരക്കഥയും അഭിനേതാക്കളും ഒന്നിനൊന്ന് മത്സരിക്കുന്നുണ്ട്. മുന്നിൽ പറന്നെത്താനുള്ള അവരുടെ ശ്രമത്തിൽ പ്രേക്ഷകർ തോറ്റുപോകാതെ പറന്നിറങ്ങുന്നുണ്ട്.
തമിഴ്നാട് - കേരള അതിർത്തിയിലുള്ള ചെറിയ നാടും അവിടുത്തെ പൊലീസ് സ്റ്റേഷനുമാണ് കഥാ പശ്ചാത്തലം. ഗിരി എന്ന പോലീസുകാരന്റെ പ്രതികാര തുടർച്ചകളിലൂടെയാണ് ചിത്രം പോകുന്നത്. അസാധ്യമായ മാനസിക തലത്തിലേക്ക് എത്തുന്ന ഗിരിയും തുടർന്നുണ്ടാകുന്ന അവിശ്വസനീയ സന്ദർഭങ്ങളുമാണ് ചിത്രം. ഇതിലേറെ പറയുന്നത് സ്പോയിലർ ആകുമെന്നതിനാൽ അതിന് മുതിരുന്നില്ല. ഗിരിയായി വേഷമിടുന്നത് ആസിഫലിയാണ്. ഇതിന് മുകളിൽ ഗിരിയെ അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ മറ്റൊരാൾക്ക് സാധിക്കുമോ എന്നത് സംശയമാണ്. എത്രത്തോളം ഗിരിയെ മികവുറ്റതാക്കാൻ ആസിഫിന് സാധിച്ചു എന്നതിനുള്ള മറുപടിയാണത്.
പ്രേക്ഷകനെ ഉദ്വേഗത്തിന്റെ കൊടുമുടിയിലേക്ക് കയറ്റാൻ ചിത്രത്തിനായിട്ടുണ്ട്. കൃഷ്ണകുമാറിന്റെ തിരക്കഥയാണ് കൂമന്റെ ആത്മാവ്. അപ്രതീക്ഷിതമായ അനുഭവ പരിസരത്തേക്ക് കെട്ടുപൊട്ടാതെ കൊണ്ടുപോകുന്ന മാജിക്ക് അതിൽ എഴുതി ചേർത്തിട്ടുണ്ട്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും ഒന്നിനൊന്ന് മെച്ചമാണ്. ജാഫർ ഇടുക്കിയുടെ കള്ളനും ഏറെ ശ്രദ്ധേയമായ ഒന്നാണ്. കള്ളനായി അദ്ദേഹം നടത്തിയ പകർന്നാട്ടം അസാധ്യമാണ്. രൺജി പണിക്കർ, ബാബുരാജ്, ആദം അയൂബ്, ബൈജു, പൗളി വിൽസൺ, മേഘനാഥൻ, ഹന്നാ റജി കോശി തുടങ്ങിയവരൊക്കെയും ചിത്രത്തിന് കരുത്ത് കൊടുത്തവരാണ്.
രാത്രിയുടെ ഭീതിയും നിശബ്ദതയും മനോഹരമായി പകർത്തിയ സതീഷിൻറെ ക്യാമറയും ചിത്രത്തെ ഉലയാതെ നിർത്തുന്നു. വിഷ്ണു ശ്യാമിന്റെ പാശ്ചാത്തലസംഗീതവും ഓരോ സീനും വ്യത്യസ്തമാക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെയും അനന്യ ഫിലിംസിന്റെയും ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു സമ്പൂർണ്ണ തിയറ്റർ അനുഭവമാകും ചിത്രം എന്നതിൽ സംശയമില്ല. ടിക്കറ്റ് കീറി ചെല്ലുന്നത് മറ്റൊരു ലോകത്തേക്കാണ്. അഴിഞ്ഞു വീഴുന്ന കപട ചിന്തകളുടെ മുഖം മൂടി അവിടെ തന്നെ ഉപേക്ഷിക്കുക. പുതിയ ചിന്തയുടെ വെളിച്ചം തടസ്സങ്ങളില്ലാതെ പ്രസരിക്കട്ടെ. മനുഷ്യർ കൂടുതൽ നന്നാവട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.