'ജോജു സംസാരിച്ചത് ജനങ്ങൾക്ക് വേണ്ടി'; പിന്തുണയുമായി സിനിമാപ്രവർത്തകർ
text_fieldsകൊച്ചിയിൽ കോൺഗ്രസ് റോഡ് ഉപരോധത്തിനിടെ പ്രതികരിച്ച ജോജു ജോർജിന് പിന്തുണയുമായി സിനിമാ പ്രവർത്തകർ രംഗത്ത്. സംവിധായകരായ ബി. ഉണ്ണികൃഷ്ണനും ഒമർ ലുലുവും പത്മകുമാറുമാണ് താരത്തെ അനുകൂലിച്ച് രംഗത്തുവന്നത്. ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രസ്താവന ശരിയായില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ജോജുവിനെ ഇങ്ങനെ ആക്രമിച്ചത് ശരിയായില്ലെന്നും ജോജു പൊതുജനത്തിന് വേണ്ടിയാണ് സംസാരിച്ചതെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടിയില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ അരികിലുണ്ടായിരുന്ന കീമോ രോഗിയുടെ ബുദ്ധിമുട്ടാണ് ജോജു ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. ഇതുപോലൊരു പ്രശ്നത്തിൽ ഇടപെടുേമ്പാൾ വൈകാരികമാകുന്നതും വാക്കേറ്റത്തിലേക്ക് എത്തുന്നതും സ്വാഭാവികമാണ്. അതിന്‍റെ പേരിൽ കെ.പി.സി.സി പ്രസിഡൻറ് നടനെ ഗുണ്ടാ എന്ന് വിളിച്ചതിലും വാഹനം തല്ലിത്തകർത്തതിലും സിനിമാ പ്രവർത്തകർക്ക് പ്രതിഷേധമുണ്ട്. -ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
സംഭവത്തിൽ ജോജുവിനൊപ്പമാണ് താനെന്ന് സംവിധായകൻ ഒമർ ലുലു പറഞ്ഞു. 'ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡിൽ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്.ഞാൻ അവസാന ഹർത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവർത്തിക്കുന്നു "ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുൻപിൽ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ?", -ഒമർ ലുലു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരമെന്ന് സംവിധായകന്‍ പത്മകുമാര്‍ ചോദിച്ചു. ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അരമണിക്കൂറിൽ ഏറെനേരം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്‍റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജു പ്രതിഷേധിച്ചത്. സമരംമൂലം ദേശീയ പാതയിൽ വൻ ഗതാഗത തടസമാണ് ഉണ്ടായത്. ഈ സമയത്താണ് നടൻ കാറോടിച്ച് വന്നത്.
ഗതാഗത കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍ നിന്നിറങ്ങി സമരക്കാരോട് കയർക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. 'രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധിപ്പിക്കുന്നതിൽ കഷ്ടപ്പെടുന്നുണ്ട്. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണം. എന്നാൽ, ഇതല്ല അതിനുള്ള വഴി' - ജോജു പറഞ്ഞു. സമരക്കാർ വളഞ്ഞതോടെ നടനെ കാറിലിരുത്തി സി.ഐയാണ് വാഹനം ഓടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.