23 വർഷം മുമ്പുള്ള പ്രശ്നം വീണ്ടും, ശബ്ദ വിശ്രമത്തിലാണ്; ആരോഗ്യപ്രശ്നത്തെക്കുറിച്ച് ജോളി ചിറയത്ത്
text_fieldsവോക്കൽ കോഡിന് വീക്കം സംഭവിച്ചതിനെ തുടർന്ന് ശബ്ദ വിശ്രമത്തിലാണെന്ന് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. 23 വർഷങ്ങൾക്ക് മുമ്പ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും അന്ന് 'ആ' എന്ന് ഉച്ചരിക്കാൻ ആവാത്ത വിധം ശബ്ദം അടഞ്ഞുപോയെന്നും ജോളി ഫേസ്ബുക്കിൽ കുറിച്ചു. വീണ്ടും ഈ പ്രശ്നം ബുദ്ധിമുട്ടിക്കുന്നതുകൊണ്ടാണ് ശബ്ദത്തിന് വിശ്രമം നൽകാൻ തീരുമാനിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
'പ്രിയ കൂട്ടുകാരെ... 23 വർഷം മുമ്പ് വന്ന് 'ആ' എന്ന് ഉച്ചരിക്കാൻ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്മന്റെിന് ശേഷം മാറിയ വോക്കൽകോഡ് ഇഷ്യൂസ് ഈയടുത്ത് കുറച്ച് കാലമായി ബുദ്ധിമുട്ടിക്കുന്നു. വോക്കൽ കോഡിൽ നോഡ്യൂൾ ഫോം ചെയ്യുന്നു. ശ്രമപ്പെട്ട് സംസാരിച്ച് സംസാരിച്ച് അവിടെ മുറിവ് ഉണ്ടാകുന്നതാണ് വേദനക്കും സംസാരശേഷി നഷ്ടപ്പെടുന്നതിനും കാരണം. മരുന്നിനേക്കാൾ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി. ആരെങ്കിലും വിളിച്ചാൽ കോൾ അറ്റന്റ് ചെയ്യാൻ പറ്റാത്തതിനാൽ ഫോൺ ഓഫ് മോഡിൽ ആണ്.വീട്ടിൽ വൈഫൈ കണക്റ്റഡ് ആയതിനാൽ സുഹൃത്തുക്കൾക്ക് എന്തെങ്കിലും ആവശ്യങ്ങൾക്ക് മെസഞ്ചർ / വാട്ട്സ്പ്പ് വഴി ബന്ധപ്പെടാം'- ജോളി ഫേസ്ബുക്കിൽ കുറിച്ചു.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ജോളി ചിറയത്ത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. കടുവ, സുലൈഖ മൻസിൽ, തൊട്ടപ്പൻ, നിഴൽ,പാപം ചെയ്യാത്തവർ കല്ലേരിയാട്ടെ, വികൃതി എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇന്ദ്രൻസ് പ്രധാനവേഷത്തിലെത്തുന്ന കനകരാജ്യം ആണ് ജോളിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
ജോളി ചിറയത്തിന്റെ ആത്മകഥ 'നിന്നു കത്തുന്ന കടലുകൾ' വലിയ ജനപ്രീതി നേടിയിരുന്നു. കൊമ്പൽ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.