ക്ലാപ്പ് അടിച്ച് രാജമൗലി, ആദ്യ ഷോട്ട് സംവിധാനം ചെയ്ത് പ്രശാന്ത് നീൽ; എൻ.ടി.ആർ 30 ഷൂട്ടിങ് തുടങ്ങി
text_fieldsഹൈദരാബാദ്: ജൂനിയർ എൻ.ടി.ആർ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന എൻ.ടി.ആർ 30 ഷൂട്ടിങ് ആരംഭിച്ചു. ജൂനിയർ എൻ.ടി.ആറും ബോളിവുഡ് നടി ജാൻവി കപൂറും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്. സംവിധായകരായ എസ്.എസ്. രാജമൗലി, പ്രശാന്ത് നീൽ എന്നിവരും ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങിൽ പങ്കെടുത്തു.
എസ്.എസ്. രാജമൗലിയാണ് ചിത്രത്തിന് ആദ്യ ക്ലാപ്പ് ബോർഡ് മുഴക്കിയത്, സംവിധായകൻ കൊരട്ടാല ശിവ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. പ്രശാന്ത് നീലാണ് ആദ്യ ഷോട്ട് സംവിധാനം ചെയ്തത്. ജനതാ ഗാരേജിന് ശേഷം എൻടിആറുമായി ചേർന്ന് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പ്രശാന്ത് നീൽ, എസ്.എസ്. രാജമൗലി എന്നിവർക്ക് പുറമേ നിർമ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡി, എൻ.ടി.ആർ, ജാൻവി കപൂർ, കൊരട്ടാല ശിവ, നന്ദമുരി കല്യാൺ റാം, മിക്കിളിനേനി സുധാകർ, നവീൻ യെർനേനി, പ്രകാശ് രാജ്, ശ്രീകാന്ത്, ബിവിഎസ്എൻ പ്രസാദ്, ഏഷ്യൻ സുനിൽ, അഭിഷേക് നാമ, അഭിഷേക് അഗർവാൾ, ഭരത് ചൗധരി, ദിൽരാജു തുടങ്ങിയവർ പങ്കെടുത്തു.
'ഞാൻ കൊരട്ടാല ശിവയെ കണ്ടുമുട്ടിയത് ഒരു വർഷം മുമ്പാണെന്ന് തോന്നുന്നു. കൊരട്ടാല ശിവ സാറിന്റെ മഹത്തായ കാഴ്ചപ്പാടിന്റെ ഭാഗമായതിൽ നന്ദിയുണ്ട്, ഇതിഹാസങ്ങളുടെ ടീമിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഈ അവസരം നൽകിയ താരകിന് നന്ദി' ചടങ്ങിൽ സംഗീത സംവിധായകൻ അനിരുദ്ധ് പറഞ്ഞു.
ചിത്രം 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യും. ഡി.ഒ.പിയായി രത്‌നവേലു ഐഎസ്‌സി, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.
എൻ.ടി.ആർ ആർട്‌സിന് കീഴിൽ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നന്ദമുരി കല്യാൺ റാമാണ് ചിത്രം അവതരിപ്പിക്കുന്നത്.
2016 ലാണ് ജൂനിയർ എൻ.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജിൽ ഒന്നിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു. ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആർ ആണ് ജൂനിയർ എൻ.ടി.ആറിന്റെതായി റിലീസ് ചെയ്ത ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.