കേരളത്തിൽ 'ബാഹുബലി 2' സൃഷ്ടിച്ച ഓളം മറികടക്കാൻ 'കൽക്കി 2898' എഡിക്ക് കഴിഞ്ഞോ?
text_fieldsപ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത് ചിത്രമാണ് 'കൽക്കി 2898 എഡി'. 2024 ജൂൺ 27 ന് പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യൻ സിനിമലോകത്ത് പുതുചരിത്രം കുറിക്കുകയാണ്.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് നടൻ ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ്. കേരളത്തിലും കൽക്കി മികച്ച കാഴ്ചക്കാരെ നേടിയിട്ടുണ്ട്. 20 കോടിയാണ് ചിത്രം 16 ദിവസം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 200 ഓളം തിയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്.
പ്രഭാസ്, റാണ, അനുഷ്ക ഷെട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2017 ൽ പുറത്തിറങ്ങിയ രാജമൗലി ചിത്രമായ 'ബാഹുബലി 2' ആണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പണം വാരിയ ടോളിവുഡ് ചിത്രം. 'ബാഹുബലി 2: ദ കൺക്ലൂഷൻ' 72.5 കോടിയാണ് നേടിയത്. 'ആർ.ആർ.ആർ' 25.50 കോടി, 'സലാർ' 16.75 കോടി, 'പുഷ്പ ദി റൈസ്' 14.70 കോടി തുടങ്ങിയവയാണ് കേരളത്തിൽ മികച്ച രീതിയിൽ ഗ്രോസ് കളക്ഷൻ നേടിയ തെലുങ്ക് ചിത്രങ്ങൾ.
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ് എന്നിവർക്കൊപ്പം ദീപിക പദുക്കോൺ, ശോഭന, അന്നാ ബെൻ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.