മൂന്നര പതിറ്റാണ്ടിന് ശേഷം ഉലക നായകനും മണിരത്നവും ഒന്നിക്കുന്നു
text_fields35 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഉലക നായകൻ കമല്‍ ഹാസനും സൂപ്പർ സംവിധായകന്‍ മണിരത്നവും ഒന്നിക്കുന്നു. 1987ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം 'നായകന്‍' ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മുംബൈയിലെ അധോലോക നായകൻ വേലുനായ്ക്കറിന്‍റെ കഥയുമായി 1987ല്‍ പുറത്തിറങ്ങിയ നായകന്‍ കമൽ ഹാസന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.
കമല്‍ ഹാസന്‍റെ കരിയറിലെ 234ാം ചിത്രമാണ് പ്രഖ്യാപിച്ചത്. താരത്തിന്റെ 68ാം പിറന്നാളിന് മുന്നോടിയായി, ഉദയനിധി സ്റ്റാലിനാണ് പുതിയ സിനിമയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. മണിരത്നം തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും മദ്രാസ് ടോക്കീസിന്‍റെ ബാനറില്‍ മണിരത്നം, ആര്‍. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ഫിലിംസായിരിക്കും അവതരണം. സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ റഹ്മാനാണ്. മണിരത്നം-കമൽ ഹാസൻ-എ.ആർ റഹ്മാൻ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രമാകും ഇത്. 2024ല്‍ തിയറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
'പൊന്നിയന്‍ സെല്‍വന്‍' ആണ് മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആണ് കമല്‍ ഹാസന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണ് 'വിക്രം'. ശങ്കറിന്റെ സംവിധാനത്തിലുള്ള 'ഇന്ത്യന്‍ 2' ആണ് കമല്‍ ഹാസന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.