കോവിഡ് ഭേദമായി, കമൽഹാസൻ ആശുപത്രിവിട്ടു; പ്രാർഥനക്ക് നന്ദി പറഞ്ഞ് താരം
text_fieldsചെന്നൈ: കോവിഡ് ബാധിച്ച് പോരൂർ ശ്രീരാമചന്ദ്ര മെഡിക്കൽ സെൻററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമൽഹാസനെ അസുഖം ഭേദമായതിനെ തുടർന്ന് ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ചെന്നൈയിൽ തിരിച്ചെത്തിയ കമൽഹാസനെ നവംബർ 22നാണ് ശ്വാസകോശ അണുബാധയും പനിയും ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
തന്‍റെ പതിവ് ജോലികളിലേക്ക് തിരിച്ചെത്തിയതായി അറിയിച്ച കമൽഹാസൻ രോഗം ഭേദമാകാൻ പ്രാർഥിച്ചവരോടും തന്നെ നന്നായി പരിചരിച്ചതിന് ആശുപത്രി ജീവനക്കാരോടും നന്ദി പറഞ്ഞു. താൻ സുഖം പ്രാപിക്കാൻ പ്രാർഥിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻ രജനികാന്ത്, സംഗീത സംവിധായകൻ ഇളയരാജ, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവർക്കും ജനങ്ങൾക്കും ആരാധകർക്കും പാർട്ടി പ്രവർത്തകർക്കും കമൽഹാസൻ നന്ദി അറിയിച്ചു.
നിലവിൽ ലോകേഷ് കനകരാജിന്‍റെ 'വിക്രം' സിനിമയിലാണ് കമൽഹാസൻ അഭിനയിക്കുന്നത്. തമിഴ് ബിഗ്ബോസിലെ അവതാരകനും കൂടിയാണ്. കമൽഹാസൻ ആശുപത്രിയിൽ ചികിൽയിൽ കഴിഞ്ഞിരുന്ന വേളയിൽ നടി രമ്യ കൃഷ്ണനാണ് കമൽഹാസന് പകരമായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.