‘ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും’; രാഷ്ട്രീയത്തിലേക്കുള്ള സൂചന നൽകി കങ്കണ
text_fieldsഏറെ പ്രതീക്ഷയോടെ എത്തിയ ‘തേജസ്’ എന്ന ചിത്രം ബോക്സോഫീസിൽ മൂക്കുംകുത്തി വീണതിന്റെ ആഘാതത്തിലാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. 60 കോടി മുടക്കി നിർമിച്ച സിനിമയ്ക്ക് നാലു ദിവസം കൊണ്ട് നേടാനായത് വെറും 4.15 കോടി രൂപയായിരുന്നു. തേജസിന്റെ പരാജയത്തിന് പിന്നാലെ ദ്വാരകാധീഷ് ക്ഷേത്ര ദർശനം നടത്തിയ താരം അക്കാര്യം എക്സിൽ പങ്കുവെച്ചിരുന്നു. കുറച്ചുദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാൻ വേണ്ടിയാണു ക്ഷേത്ര ദർശനം നടത്തിയതെന്നുമായിരുന്നു അവർ അതിൽ കുറിച്ചത്.
എന്നാലിപ്പോൾ താരം രാഷ്ട്രീയത്തിലും ഒരു കൈ നോക്കാനുള്ള പുറപ്പാടിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മാണ്ഡി മണ്ഡലത്തിൽ നിന്ന് കങ്കണ ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ശശി എസ് സിങ് അടക്കമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് എക്‌സിൽ എത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ നാലു ലോക്‌സഭാ മണ്ഡലങ്ങളിൽ ഒന്നാണ് മാണ്ഡി. ബിജെപിയുടെ രാം സ്വരൂപ് ശർമ്മയാണ് ഇപ്പോൾ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗം.
കഴിഞ്ഞ ദിവസം ക്ഷേത്ര സന്ദർശനത്തിനിടെ താരം മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ടെങ്കിൽ താൻ മത്സരിക്കും എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് ബിജെപി സർക്കാറിനെ നടി പ്രശംസിക്കുകയും ചെയ്തു. 600 വർഷത്തെ പോരാട്ടത്തിന് ശേഷമാണ് രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
'ബിജെപി ഗവൺമെന്റിന്റെ ശ്രമങ്ങളോടെ, 600 വർഷത്തിന് ശേഷം ഈ ദിവസം നമ്മൾക്ക് ലഭിക്കുകയാണ്. ആഘോഷത്തോടെയാണ് നമ്മൾ ക്ഷേത്രം നിർമിക്കുന്നത്. സനാധന ധർമ പതാക ലോകത്തുടനീളം ഉയർത്തപ്പെടും.' - അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.