മറ്റൊരു വനിത നേതാവായി അഭിനയിക്കണം; 'എമർജൻസി' വിവാദം കനക്കുമ്പോൾ കങ്കണ
text_fieldsനടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് അടിയന്തിരാവസ്ഥയുടെ കഥ പറയുന്ന എമർജൻസി. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിട്ടാണ് നടി എത്തുന്നത്. ചിത്രം നിരോധിക്കമെന്ന് ആവശ്യപ്പെട്ട് വിവിധ സിഖ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.ചിത്രത്തിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്. കൂടാതെ ചിത്രത്തിന് സെൻസർ ബോർഡ് അനുമതി ഇനിയും ലഭിച്ചിട്ടില്ല.
എമർജൻസി വിവാദം കനക്കുമ്പോൾ മറ്റൊരു വനിത നേതാവിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് കങ്കണ. ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇന്ദിര ഗാന്ധിയെ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ആ റോൾ തന്നെ നിർബന്ധിച്ച് ചെയ്യിപ്പിച്ചത് പോലെയാണ് തോന്നുന്നതെന്നും കങ്കണ വ്യക്തമാക്കി.
'തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയ ലളിതയോ ഝാൻസി റാണി ലക്ഷ്മിഭായിയോ ആകട്ടെ, ഇവർ എന്നെ തിരഞ്ഞെടുത്തത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇന്ദിരാഗാന്ധിയായി അഭിനയിക്കാൻ ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല, പക്ഷേ എന്തോ അത് ചെയ്യാൻ എന്നെ നിർബന്ധിച്ചതു പോലെയാണ് എനിക്ക് തോന്നിയത്'- കങ്കണ പറഞ്ഞു.
ഇനി ബിഗ് സ്ക്രീനിൽ അവതരിപ്പിക്കാൻ താൽപര്യം ബി.എസ്.പി നേതാവ് മായവതിയാണെന്ന് നടി പറഞ്ഞു.പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോ ബി.എസ്.പി നേതാവ് മായാവതിയോ ആരെയാണ് വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താൽപര്യമെന്ന് ചോദ്യത്തിനായിരുന്നു മറുപടി. 'ഒരു അഭിനേതാവിന് അസാധ്യമായത് ഒന്നുമില്ല. പക്ഷേ, ഒരു നേതാവെന്ന നിലയിൽ മായാവതിയെ അവതരിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കന്നത്'-കങ്കണ പറഞ്ഞു.
കങ്കണ തന്നെയാണ് എമർജൻസി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ ചിത്രത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയ സെക്രട്ടറിക്ക് സിഖ് സംഘടനകൾ നിവേദനം അയച്ചിരുന്നു. നേരത്തെ പഞ്ചാബിലും ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രത്തിനെതിരെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലും ഹരജിയുണ്ട്. സിനിമ തെറ്റായതും തെറ്റായതുമായ വസ്തുതകൾ പ്രചരിപ്പിക്കുന്നുവെന്നും പഞ്ചാബിന്റെ സാമൂഹിക ഘടനയെ കീറിമുറിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് ഹരജിയിൽ പറയുന്നത്.
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കോടതിയുടെ മേൽനോട്ടത്തിൽ സെൻസർ സമിതിയെ നിയമിക്കണമെന്നും സമിതിയിൽ പ്രമുഖ സിഖ് വ്യക്തികളെ ഉൾപ്പെടുത്തണമെന്നുമാണ് മൊഹാലി നിവാസികളായ ഗുരീന്ദർ സിംഗ്, ജഗ്മോഹൻ സിംഗ് എന്നിവർ നൽകിയ ഹരജിയിൽ പറയുന്നു. അതേസമയം 'എമർജൻസി' നിരോധിക്കുന്നത് നിയമപരമായ കൂടിയാലോചനയ്ക്ക് ശേഷം സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാന സിഖ് സൊസൈറ്റി നേതാക്കളുമായുള്ള കൂടികാഴ്ചയിലായിലുന്നു രേവന്ത് റെഡ്ഡിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.