'കുടുംബങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നത് സ്ത്രീകളാണ്'; എസ്. എസ് രാജമൗലിയുടെ വാക്കുകളിൽ പ്രതികരിച്ച് കങ്കണ
text_fieldsമികച്ച അന്യഭാഷ ചിത്രത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് പുരസ്കാരം സ്വീകരിച്ചതിന് ശേഷം സംവിധായകൻ എസ്. എസ് രാജമൗലി നടത്തിയ പ്രസംഗം ആരാധകർക്ക് ഇടയിൽ മാത്രമല്ല സിനിമാ ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്. പുരസ്കാരം വീട്ടിലുളള സ്ത്രീകൾക്കായി സമർപ്പിക്കുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്. ചെറുപ്പത്തിൽ കഥാപുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ച അമ്മ രാജനന്ദിനി, മാതൃസ്ഥാനത്തുള്ള സഹോദരി ശ്രീവല്ലി, ഭാര്യ രാമ മക്കൾ എന്നിവരുടെയെല്ലാം പേരെടുത്തു പറഞ്ഞു കൊണ്ടായിരുന്നു രാജമൗലിയുടെ പ്രസംഗം.
ഇപ്പോഴിതാ സംവിധായകന്റെ പ്രസംഗത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ രാജമൗലിയുടെ പ്രസംഗം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'യു.എസ്.എ ഉള്‍പ്പടെയുള്ള നിരവധി ഇടങ്ങളില്‍ ഏറ്റവും വിജയം കൈവരിച്ച അല്ലെങ്കില്‍ വരുമാനമുണ്ടാക്കുന്ന സമൂഹം ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഇത് എങ്ങനെയാണെന്ന് പലരും ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ ശക്തമായ കുടുംബ വ്യവസ്ഥയില്‍ നിന്നും വരുന്നവരാണ്. നമുക്ക് കുടുംബങ്ങളില്‍ നിന്ന് വൈകാരികവും സാമ്പത്തികവും മാനസികവുമായ പിന്തുണ ലഭിക്കുന്നു. കുടുംബങ്ങളെ കെട്ടിപ്പടുക്കുന്നതും വളര്‍ത്തുന്നതും ഒരുമിച്ച് നിര്‍ത്തുന്നതുമെല്ലാം സ്ത്രീകളാണ്'- വീഡിയോ പങ്കുവെച്ചുകൊണ്ട് കങ്കണ പറഞ്ഞു.
2022 മാർച്ച് 25 നാണ് ആർ. ആർ. ആർ പ്രദർശനത്തിനെത്തിയത്. 550 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 1200 കോടിയോളമാണ് കളക്ഷൻ സ്വന്തമാക്കിയത്. രാം ചരണും, ജൂനിയർ എൻ.ടി. ആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ബോളിവുഡ് താരം ആലിയ ഭട്ടായിരുന്നു നായിക. നടൻ അജയ് ദേവ്ഗണും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.