ഇന്ദിരാ ഗാന്ധിയായി കങ്കണ; 'എമർജൻസി' പാർലമെന്റ് പരിസരത്ത് ചിത്രീകരിക്കാൻ അനുവാദം തേടി താരം
text_fieldsഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ റണാവത് വേഷമിടുന്ന ചിത്രമാണ് 'എമർജൻസി'. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയായുള്ള കങ്കണയുടെ മേക്കോവറും വൈറലായി മാറി. കങ്കണയാണ് ചിത്രത്തിന്റെ നിർമാണവും കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാകുന്ന ചിത്രത്തിന് വേണ്ടി റിതേഷ് ഷാ ആണ് തിരക്കഥ ഒരുക്കുന്നത്. ജി.വി പ്രകാശാണ് സംഗീത സംവിധാനം. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം.
അതേസമയം, തന്റെ ചിത്രമായ 'എമർജൻസി' പാർലമെന്റ് പരിസരത്ത് ഷൂട്ട് ചെയ്യാൻ കങ്കണ റണാവത്ത് ലോക്‌സഭാ സെക്രട്ടേറിയറ്റിനോട് അനുമതി തേടിയതായി റിപ്പോർട്ടുകളുണ്ട്. കങ്കണയുടെ അപേക്ഷ പരിഗണനയിലാണെങ്കിലും അവർക്ക് അനുമതി ലഭിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
'സാധാരണഗതിയിൽ, പാർലമെന്റ് പരിസരത്ത് ഷൂട്ട് ചെയ്യാനോ വീഡിയോഗ്രഫി ചെയ്യാനോ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകാറില്ല. അതേസമയം, ഔദ്യോഗികമോ അല്ലെങ്കിൽ സർക്കാർ തലത്തിലുള്ള എന്തെങ്കിലും കാര്യങ്ങൾക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെങ്കിൽ, അത് വേറെ വിഷയമാണ്. - ബന്ധപ്പെട്ട വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
പൊതുവേ സർക്കാറിന് കീഴിലുള്ള പ്രക്ഷേപകരായ ദൂരദർശനും സൻസദ് ടിവിക്കും മാത്രമാണ് പാർലമെന്റിനുള്ളിൽ പരിപാടികളോ ഇവന്റുകളോ ചിത്രീകരിക്കാൻ അനുവാദം നൽകാറുള്ളത്. സ്വകാര്യ ആവശ്യങ്ങൾക്കായി പാർലമെന്റിനുള്ളിൽ ഷൂട്ടിംഗ് നടത്താൻ ആർക്കും ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.