'ഞാൻ ഇപ്പോഴും വിറക്കുകയാണ്, സിനിമയെന്നാൽ ഇതാണ്...'; റിഷഭ് ഷെട്ടിയുടെ കാന്താരയെക്കുറിച്ച് കങ്കണ
text_fieldsറിഷഭ് ഷെട്ടി സംവിധാനം ചെയ്ത മികച്ച പ്രേക്ഷക അഭിപ്രായം നേടി പ്രദർശനം തുടരുന്ന 'കാന്താര'യെ അഭിനന്ദിച്ച് നടി കങ്കണ റാണവത്ത്. സിനിമ കണ്ടതിന് ശേഷം ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്താണ് ചിത്രത്തേയും റിഷഭ് ഷെട്ടിയേയും താരം അഭിനന്ദിച്ചിരിക്കുന്നത്. സിനിമ കഴിഞ്ഞിട്ടും അതിൽ നിന്ന് പുറത്ത് വരാൻ കഴിഞ്ഞിട്ടില്ലെന്ന് നടി ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
'കാന്താര' കണ്ടതിന് ശേഷം കുടുംബത്തോടൊപ്പ മടങ്ങുകയാണ്. ഞാൻ ഇപ്പോഴും വിറയ്ക്കുന്നുണ്ട്. എന്തൊരു സ്ഫോടനാത്മകമായ അനുഭവം! റിഷഭ് ഷെട്ടി നിങ്ങൾക്ക് ഹാറ്റ്സ് ഓഫ്. രചന സംവിധാനം, അഭിനയം, ആക്ഷൻ, അവിശ്വസനീയം...! -കങ്കണ ട്വീറ്റ് ചെയ്തു.
നാടോടിക്കഥകൾ, പാരമ്പര്യം, തദ്ദേശീയ വിഷയങ്ങൾ എന്നിവയുടെ മികച്ച സമ്മിശ്രമാണ് ചിത്രം. എത്ര മനോഹരമായ ഛായാഗ്രഹണം, ആക്ഷൻ. സിനിമയെന്നാൽ ഇതാണ്. തിയറ്ററിൽ പലരും പറയുന്നത് കേട്ടു, ഇതുപോലെ ഒരു ചിത്രം കണ്ടിട്ടില്ലെന്ന്. ഇത്രയും മനോഹരമായ ചിത്രം നൽകിയതിന് നന്ദി. സിനിമ നല്‍കിയ അനുഭവത്തില്‍ നിന്ന് ഒരാഴ്ചകൊണ്ട് പുറത്തുകടക്കാനാവുമോ എന്ന് എനിക്കറിയില്ല -കങ്കണ പറയുന്നു.
കെ.ജി.എഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസാണ് നിർമാണം. റിഷഭ് ഷെട്ടിയെ കൂടാതെ തമിഴ് നടൻ കിഷോർ, അച്യുത് കുമാർ, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റ് താരങ്ങൾ. അരവിന്ദ് എസ്. കശ്യപ് ആണ് ഛായാഗ്രഹണം. ബി. അജനീഷ് ലോകനാഥ് സംഗീത സംവിധാനവും കെ.എം പ്രകാശ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.