ജയലളിതക്ക് പിന്നാലെ ഇന്ദിര ഗാന്ധിയായി കങ്കണ എത്തും
text_fieldsമുംബൈ: രാഷ്ട്രീയം പ്രമേയമായി ഒരുക്കുന്ന സിനിമയിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി ബോളിവുഡ് താരം കങ്കണ റണാവത്ത് എത്തും. ഇന്ദിര ഗാന്ധിയുടെ ബയോപിക്കല്ല ചിത്രമെന്നും പേര് പുറത്തുവിട്ടിട്ടില്ലെന്നും കങ്കണ അറിയിച്ചു.
സായ് കബീറാണ് ചിത്രത്തിന്‍റെ സംവിധായകൻ. നിരവധി അഭിനേതാക്കൾ ചിത്രത്തിന്‍റെ ഭാഗമാകുമെന്നും നടി കൂട്ടിച്ചേർത്തു. 'പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഇന്ദിരഗാന്ധിയുടെ ബയോപിക് അല്ല ചിത്രം. ഒരു മഹത്തായ കാലഘട്ടത്തെ എന്‍റെ തലമുറക്ക് പരിചയപ്പെടുത്തി നൽകുന്ന ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കും' -കങ്കണ പ്രസ്താവനയിൽ അറിയിച്ചു.
നിരവധി പ്രമുഖ അഭിനേതാക്കൾ സിനിമയുടെ ഭാഗമാകും. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വത്തെ താൻ അവതരിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ദിര ഗാന്ധിക്ക് പുറമെ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാജി ദേശായി, ലാൽ ബഹദൂർ ശാസ്ത്രി എന്നിവരായി പ്രമുഖ താരങ്ങളെത്തുമെന്നാണ് വിവരം. ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പറഞ്ഞ നടി, ഏതു പുസ്തകമാണെന്ന് പറയാൻ തയാറായിട്ടില്ല.
ചിത്രത്തിന്‍റെ വിവരങ്ങൾ അടങ്ങിയ നിരവധി ട്വീറ്റുകൾ കങ്കണ പങ്കുവെക്കുകയും ചെയ്തു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമായ തലൈവിയിൽ പ്രധാനവേഷത്തിലെത്തുന്നത് കങ്കണയാണ്. തമിഴിലും ഹിന്ദിയിലും ഒരേ സമയം ചിത്രം പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.