‘സിനിമ തടസപ്പെടുത്താൻ ശത്രുക്കൾ ശ്രമിച്ചു; പണത്തിനായി എല്ലാ സ്വത്തുക്കളും പണയം വെക്കേണ്ടി വന്നു’-കങ്കണ രണാവത്
text_fieldsമുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'എമർജൻസി'യുടെ ചിത്രീകരണം പൂർത്തിയാക്കിയതായി ബോളിവുഡ് താരം കങ്കണ രണാവത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രീകരണം പൂർത്തിയാക്കിയ വിവരം താരം അറിയിച്ചത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമ പൂർത്തിയാക്കിയതെന്നും കുറിപ്പിൽ കങ്കണ വ്യക്തമാക്കി.
കങ്കണയാണ് ഇന്ദിരാ ഗാന്ധിയായി ചിത്രത്തിൽ വേഷമിടുന്നത്. സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നതും നടി തന്നെയാണ്. എമർജൻസി പൂർത്തിയാകാതിരിക്കാൻ തന്റെ ശത്രുക്കൾ ഏറെ ശ്രമിച്ചുവെന്നും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സിനിമ യാഥാർഥ്യമായെന്നുമാണ് കങ്കണ അവകാശപ്പെടുന്നത്. സിനിമയ്ക്കു വേണ്ടി തന്റെ എല്ലാ സ്വത്തുക്കളും പണയം വെക്കേണ്ടി വന്നുവെന്നും നടി പറയുന്നു.
സിനിമയുടെ ആദ്യ ഷെഡ്യൂളിനിടെ ഡെങ്കു ഫീവർ ബാധിതയായി. ഒരു വ്യക്തി എന്ന നിലയിൽ താൻ കഠിനമായി പരീക്ഷിക്കപ്പെട്ടു. ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി കഠിനാധ്വാനം ചെയ്താൽ മതിയെന്ന് വിശ്വസിക്കുന്നുവെങ്കിൽ അത് ശരിയല്ലെന്നും കങ്കണ തന്റെ ആരാധകരോട് പറയുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ പോലും പലപ്പോഴും അതിനു വേണ്ടിയുള്ള കഠിനാധ്വാനം മാത്രം മതിയാകില്ല. നിങ്ങളുടെ പരിധിക്കപ്പുറമുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അപ്പോൾ തകർന്നു പോകരുത്.
ലക്ഷ്യം നേടിയെടുക്കുന്നതു വരെ പരിശ്രമിക്കണം. ഇതിനിടയിൽ തകർന്നു പോയാൽ അതും ആഘോഷിക്കണം. കാരണം അത് കൂടുതൽ ശക്തമായി തിരിച്ചുവരാനുള്ള അവസരമാണ്. തന്നെ സംബന്ധിച്ചും ഇതൊരു പുനർജീവിതമാണ്. പഴയതിനേക്കാൾ കൂടുതൽ ജീവിച്ചിരിക്കുന്നതായി അനുഭവപ്പെടുന്നു. തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരോടും താരം നന്ദിയും പറയുന്നുണ്ട്.
അനുപം ഖേർ, മഹിമ ചൗധരി, സതീഷ് കൗശിക്, മിലിന്ദ് സോമൻ, ശ്രേയസ് താൽപഡേ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു ആദ്യം സംവിധാനം ചെയ്ത ആദ്യ ചിത്രം.
തന്‍വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജൻസിടയുടെ അഡീഷണല്‍ ഡയലോഗ്സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാഗ്രഹണം ടെറ്റ്സുവോ നഗാത്ത, എഡിറ്റിംഗ് രാമേശ്വര്‍ എസ് ഭഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്‍ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്‍തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്‍കി. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.