'രാഷ്ട്രത്തിന് പിതാവില്ല'; ഗാന്ധി ജയന്തി ദിനത്തിലെ കങ്കണയുടെ പോസ്റ്റ് വിവാദത്തിൽ
text_fieldsന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ ബി.ജെ.പി എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന്റെ പോസ്റ്റ് വിവാദത്തിൽ. രാഷ്ട്രത്തിന് പിതാവില്ലെന്നും എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്നുമായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പോസ്റ്റ്. ഒക്ടോബർ രണ്ടിന് തന്നെയാണ് ലാൽ ബഹാദൂർ ശാസ്ത്രിയുടേയും ജന്മദിനം.
തുടർന്ന് പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ മഹാത്മ ഗാന്ധിയുടെ പാരമ്പര്യം പിന്തുടരുന്നതിൽ നരേന്ദ്ര മോദിക്ക് നന്ദിയും കങ്കണ പറഞ്ഞിട്ടുണ്ട്. പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ കങ്കണക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
കങ്കണ മഹാത്മഗാന്ധിയെ അപമാനിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ഗോഡ്സെയുടെ ആരാധകർക്ക് ബാപ്പുവും ലാൽ ബഹാദൂർ ശാസ്ത്രിയും തമ്മിലുള്ള വ്യത്യാസമറിയില്ല. രാഷ്ട്രത്തിന് പിതാവുണ്ട്, മക്കളുണ്ട്, രക്തസാക്ഷികളുണ്ട്. ഇവരെല്ലാവരും തന്നെ ബഹുമാനം അർഹിക്കുന്നവരാണെന്നും കങ്കണ പറഞ്ഞു.
കങ്കണയുടെ പ്രസ്താവനയെ വിമർശിച്ച് ബി.ജെ.പി നേതാവും രംഗത്തെത്തി. മനോരഞ്ജൻ കലിയയാണ് കങ്കണയുടെ പ്രസ്താവനയെ വിമർശിച്ചത്. ഗാന്ധിജിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ കങ്കണ നടത്തിയ പ്രതികരണത്തെ അപലപിക്കുകയാണ്. രാഷ്ട്രീയത്തിൽ ചെറിയ കാലം കൊണ്ട് തന്നെ വിവാദ പ്രസ്താവനകൾ നടത്തുകയെന്നത് കങ്കണ ശീലമാക്കിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ജൂണിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ മാണ്ഡി ലോക്സഭ മണ്ഡലത്തിൽ നിന്നും കങ്കണ റണാവത്ത് വിജയിച്ചിരുന്നു. നേരത്തെ വിവാദമായ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ട് വരണമെന്ന ആവശ്യം കങ്കണ ഉന്നയിച്ചതും വിവാദത്തിന് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.