കാൻ ചലച്ചിത്ര വേദിയിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി
text_fieldsപാരീസ്: കാൻ ചലച്ചിത്ര വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാള നടി കനി കുസൃതി. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ രൂപത്തിലുള്ള വാനിറ്റി ബാഗ് കയ്യിലെടുത്താണ് കനി കുസൃതി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടിയുടെ നിലപാടിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ.
പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് കനി കുസൃതിയും മറ്റൊരു മലയാളി നടിയായ ദിവ്യ പ്രഭയും കാന്‍ വേദിയിലെത്തിയത്. സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിലെ താരങ്ങള്‍ റെഡ് കാര്‍പറ്റില്‍ അണിനിരന്നു. വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ചെത്തിയ കനി കുസൃതിയുടെ കയ്യിൽ തണ്ണീർമത്തൻ രൂപത്തിലുള്ള ബാഗുമുണ്ടായിരുന്നു.
ഫെസ്റ്റിവലിൽ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിനായി (പാം ദോർ) മത്സരിക്കുന്ന ചിത്രമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. 30 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്.
ഇസ്രയേലിന്‍റെ അധിനിവേശത്തില്‍ ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, പച്ച, കറുപ്പ് എന്നിവയാണ് ഫലസ്തീന്‍ പതാകയിലെ നിറങ്ങൾ. ഫലസ്തീനികൾ പതിറ്റാണ്ടുകളായി ഇത് സ്വത്വത്തിന്‍റെയും ചെറുത്തുനിൽപ്പിൻ്റെയും പ്രതീകമായി ഉപയോഗിച്ചുവരുന്നു. 1967ല്‍ വെസ്റ്റ് ബാങ്കിന്റെയും ഗസ്സയുടെയും കിഴക്കന്‍ ജെറുസലേമിന്റെയും നിയന്ത്രണം ഇസ്രായേല്‍ പിടിച്ചെടുത്തത് മുതലാണ് ഈ ആശയം ഉയര്‍ന്നുവന്നത്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീന്‍ പതാക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി ഇസ്രായേല്‍ സര്‍ക്കാര്‍ സൈനിക ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരോധനം മറികടക്കാന്‍ ഫലസ്തീനികള്‍ തണ്ണിമത്തന്‍ ഉപയോഗിക്കാന്‍ തുടങ്ങി. തണ്ണിമത്തന്‍ മുറിക്കുമ്പോള്‍ അതിനകത്തെ ചുവന്ന നിറവും കറുത്ത വിത്തുകളും പച്ചപ്പുറം തൊലിയും പതാകയെ പ്രതിനിധീകരിക്കുന്ന നിറങ്ങളായതിനാല്‍ അത് പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. തങ്ങളുടെ സ്വത്വത്തെ ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധിക്കാന്‍ ഫലസ്തീനികള്‍ ഉപയോഗിക്കുന്ന ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ഇതോടെ തണ്ണിമത്തൻ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.