വാഹനാപകടം; കന്നട നടൻ സഞ്ചാരി വിജയ്ക്ക് മസ്തിഷ്ക മരണം; അവയവദാനത്തിന് അനുമതി നൽകി
text_fieldsബംഗളൂരു: മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ കന്നട നടനും നാടക പ്രവർത്തകനുമായ സഞ്ചാരി വിജയ്ക്ക് (38) മസ്തിഷ്ക മരണം സംഭവിച്ചു. ബൈക്കപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും അബോധാവസ്ഥയിൽ തുടരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബംഗളൂരുവിലെ അപ്പോളോ ആശുപത്രി അധികൃതർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഇതോടെ സഞ്ചാരി വിജയ്യുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത കുടുംബാംഗങ്ങൾ അറിയിച്ചു.
പ്രളയകാലത്തും കോവിഡ് മഹാമാരിക്കിടെയും സന്നദ്ധ പ്രവർത്തകനായി കർമനിരതനായിരുന്ന സഞ്ചാരി വിജയ് ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. ശനിയാഴ്ച രാത്രി 11.45ഒാടെ സുഹൃത്തിനൊപ്പം ബൈക്കിൽ മരുന്നു വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ബംഗളൂരു ജെ.പി നഗറിലെ എൽ ആൻഡ് ടി സൗത്ത് സിറ്റിയിൽ ബൈക്ക് തെന്നിമാറി വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. സുഹൃത്തായ നവീനാണ് ബൈക്കോടിച്ചിരുന്നത്. കാലിന് ഗുരുതര പരിക്കേറ്റ നവീൻ (42) ചികിത്സയിലാണ്. വിജയ്യുടെ തലക്കാണ് പരിക്കേറ്റത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിെന തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും നില മെച്ചപ്പെട്ടില്ല. സംഭവത്തിൽ വിജയ്യുടെ സഹോദരൻ സിദ്ധേഷിെൻറ പരാതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് നവീനെതിരെ പൊലീസ് കേസെടുത്തു.
ദീർഘകാലം നാടക പ്രവർത്തകനായിരുന്ന സഞ്ചാരി വിജയ് 2011ൽ രംഗപ്പ ഹൊഗ്ബിത്ന എന്ന ചിത്രത്തിലൂടെയാണ് സാൻഡൽവുഡിലെത്തുന്നത്. വിജയ് പ്രവർത്തിച്ചിരുന്ന തിയറ്റർ ട്രൂപ്പിെൻറ പേരായ സഞ്ചാരി പിന്നീട് അദ്ദേഹത്തിെൻറ പേരിെൻറ ഭാഗമായി. 2015ലാണ് നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെ സഞ്ചാരി വിജയ് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്നത്. ചിത്രത്തിൽ ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. പ്രളയകാലത്ത് കുടകിൽ ഉൾപ്പെടെ സന്നദ്ധ പ്രവർത്തനം നടത്തിയിരുന്ന വിജയ് കോവിഡ് ലോക്ഡൗണിൽ വളൻറിയർമാരെ ഒപ്പം നിർത്തി സന്നദ്ധ സേവനങ്ങളിൽ സജീവമായിരിക്കെയാണ് അപ്രതീക്ഷിത അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.