കന്നഡ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
text_fieldsകന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. മെയ് 12 ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു സംഭവം. ഭർത്താവും നടനുമായ ചന്ദ്രകാന്തിനും സഹോദരി അപേക്ഷക്കുമൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്.
കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നാലെ കാറിൽ ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസ് കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
പവിത്രയുടെ സഹോദരി അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, ഭർത്താവ് ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് എത്തുകയാണ് താരങ്ങൾ.
കന്നഡക്ക് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു പവിത്ര ജയറാം. തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെയാണ് നടി ശ്രദ്ധേയമായത്. കന്നഡ സീരിയലായ ജൊകാലിയിലൂടെയാണ് പവിത്ര അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. നിന്നേ പെല്ലെഡാത്ത എന്ന സീരിയലിലൂടെ 2018ൽ തെലുഗിലുമെത്തി. തിലോത്തമ എന്ന സീരിയലിലെ അഭിനയത്തിലൂടെ കുടുംബസദസ്സുകളുടെ പ്രിയങ്കരിയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.