വരാഹരൂപം: ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി; ഗാനമുൾപ്പെടുത്തി കാന്താര പ്രദർശിപ്പിക്കാം
text_fieldsന്യൂഡൽഹി: കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം ഗാനം പ്രദർശിപ്പിക്കുന്നതിന് ഹൈകോടതി ഏർപ്പെടുത്തിയ നിരോധനം നീക്കി സുപ്രീംകോടതി. കാന്തര സിനിമയുടെ സംവിധായകൻ വിജയ് കിരഗന്ദൂരിനും നടൻ ഋഷഭ് ഷെട്ടിക്കും ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതി വിധി. പൊലീസിന് ഇരുവരേയും ചോദ്യം ചെയ്യാമെന്നും എന്നാൽ, അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഇതോടെ വരാഹരൂപം മാറ്റാതെ തന്നെ നിർമ്മാതാക്കൾക്ക് കാന്താര പ്രദർശിപ്പിക്കാം. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ചാണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി 12നും 13നും നിർമ്മാതാവും നടനും അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർദേശമുണ്ട്.മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന് കേസ് സംബന്ധിച്ച് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
‘കാന്താര’ സിനിമയിലെ വരാഹരൂപം എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ നിയമലംഘനക്കേസിൽ ചിത്രത്തിന്‍റെ നിർമാതാവ് വിജയ് കിരഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് ഹൈകോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കപ്പ ടി.വിക്കായി തയാറാക്കിയ ഗാനം ‘കാന്താര’ എന്ന കന്നട സിനിമയിൽ അനധികൃതമായി ഉപയോഗിച്ചെന്നാരോപിച്ച് തൈക്കൂടം ബ്രിഡ്‌ജസും മാതൃഭൂമിയും നൽകിയ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസെടുത്ത കേസിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ മുൻകൂർ ജാമ്യം നൽകിയത്. തൈക്കൂടം ബ്രിഡ്‌ജസിന്‍റെ നവരസമെന്ന ഗാനം കോപ്പിയടിച്ചെന്നാണ് ആരോപണം.
കേസ് നിലവിലുള്ള സിവിൽ കോടതിയുടെ ഇടക്കാല ഉത്തരവോ അന്തിമ വിധിയോ ഇല്ലാതെ ഈ ഗാനമുൾപ്പെടുത്തി ‘കാന്താര’ ചിത്രം പ്രദർശിപ്പിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.