‘എവിടെയായിരുന്നു ഇതുവരെ?’; കാതലിൽ ഹൃദയം കവർന്ന് മാത്യുവിന്‍റെ ചാച്ചൻ
text_fields‘കാതൽ ദ കോർ’ സിനിമയിൽ പ്രകടനം കൊണ്ട് പ്രേക്ഷകരെ നൊമ്പരപ്പെടുത്തുകയാണ് ചാച്ചന്‍റെ കഥാപാത്രം. സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു എന്ന കഥാപാത്രത്തിന്‍റെ പിതാവാണ് ഈ ക്യാരക്ടർ. ദേവസ്സി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനെ വേദനയുടെ ഉള്ളുലയ്ക്കലുകളിലേക്ക് എത്തിക്കുന്നതിൽ ചാച്ചന് വലിയ പങ്കാണുള്ളത്. ഒരു പുതുമുഖ നടനാണ് വെള്ളിത്തിരയിൽ ചാച്ചനായി എത്തുന്നത്.
74 –ാംവയസ്സിൽ ആദ്യമായി സിനിമയിൽ അഭിനയിക്കുകയെന്ന അനുഭവമാണ് ചാച്ചനായി എത്തിയ ആർ.എസ്.പണിക്കർക്കുള്ളത്. കപ്പേള സിനിമയുടെ സംവിധായകൻ മുഹമ്മദ് മുസ്തഫയിലൂടെയാണ് കാതലിലെത്തുന്നതെന്ന് പണിക്കർ പറയുന്നു. മലപ്പുറം ജില്ലയിലെ ചേളാരിയിലെ മുസ്തഫയുടെ വീടിനടുത്താണ് പണിക്കരുടെയും വീട്. മുസ്തഫയ്ക്ക് പണിക്കരെ ഏറെക്കാലമായി അറിയാം. ആ പരിചയത്തിലൂടെയാണ് സംവിധായകൻ ജിയോ ബേബിക്ക് പണിക്കരെ പരിചയപ്പെടുത്തുന്നത്. പണിക്കരെ കണ്ടയുടനെ ജിയോ ബേബി മമ്മൂട്ടിയുടെ പിതാവെന്ന കഥാപാത്രമായി അദ്ദേഹത്തെ തീരുമാനിച്ചു. പണിക്കരുടെ ഫോട്ടോ കണ്ട മമ്മൂട്ടി രണ്ട് ദിവസത്തിനുശേഷം ഓ.കെ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്തുള്ള കടമ്പനാടാണ് ആർ.എസ്. പണിക്കരുടെ സ്വദേശം. കാലിക്കറ്റ് സർവകലാശാലയിൽ ജോയിന്റ് റജിസ്ട്രാറായി 2004ൽ വിരമിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ നേതാവും സിൻഡിക്കറ്റ് അംഗവുമായിരുന്നു. സംഘടനാ പ്രവർത്തന കാലത്ത് സമ്മേളനത്തിന്റെയും മറ്റും ഭാഗമായി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. അതു കണ്ടാണ് മുസ്തഫ ഈ കഥാപാത്രത്തിലേക്ക് വഴികാണിച്ചത്.
സിനിമയിൽ മമ്മൂട്ടിയുടെ മാത്യുവിനേക്കാൾ മാനസികവേദന അനുഭവിക്കുന്നത് പിതാവാണ്. തല കുമ്പിട്ടുള്ള ഇരിപ്പിലൂടെയും മൗനത്തിലൂടെയും ദീനതയാർന്ന നോട്ടത്തിലൂടെയും ആ വേദന അദ്ദേഹം മനോഹരമായി പ്രേക്ഷകരിലെത്തിച്ചു. മുൻ പരിചയമൊന്നുമില്ലെങ്കിലും സിനിമാ അഭിനയം അത്ര കടുപ്പമുള്ളതായി തോന്നിയില്ലെന്ന് പണിക്കർ പറയുന്നു. അധികമൊന്നും റീ ടേക്ക് വേണ്ടിവന്നില്ല. അങ്ങനെ വേണ്ടിവന്നപ്പോൾ പോലും അഭിനയത്തിനിടയ്ക്ക് സംവിധായകൻ കട്ട് പറഞ്ഞിരുന്നില്ലെന്നത് വളരെ ആശ്വാസമായിരുന്നു. കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ പുതുമുഖ നടൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.