സൗകര്യങ്ങൾ ഒരുക്കിയില്ല; 'ആക്ഷൻ' ഒ.ടി.ടിക്കെതിരെ നിയമനടപടിക്ക് സംവിധായകൻ മനോജ് കാന
text_fieldsകൊച്ചി: ദേശീയ, സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയ 'കെഞ്ചിര' എന്ന സിനിമ സെപ്റ്റംബർ ഏഴു മുതൽ 'നീ സ്ട്രീം' ഒ.ടി.ടിയിലൂടെ പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ മനോജ് കാന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച ജനകീയ സിനിമയുടെ രചനയും മനോജ് കാനയാണ് നിർവഹിച്ചിരിക്കുന്നത്. വയനാട്ടിലെ പണിയ ഗോത്രസമൂഹത്തിെൻറ കഥ ആദിവാസി കലാകാരന്മാർ അഭിനയിച്ച് പണിയഭാഷയിൽ തന്നെ, ചിത്രീകരിച്ച സിനിമ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. വയനാടൻ കാടും കബനീനദിയും ആദിവാസി ജീവിതവും സാംസ്കാരിക സ്ഥലികളും സിനിമയിലുണ്ട്.
2020ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'കെഞ്ചിര' മികച്ച ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമ, മികച്ച ക്യാമറാമാൻ (പ്രതാപ് പി. നായര്‍), വസ്ത്രാലങ്കാരം (അശോകന്‍ ആലപ്പുഴ) എന്നിവ 'കെഞ്ചിര' കരസ്ഥമാക്കി. ഇക്കഴിഞ്ഞ ആഗസ്റ്റ് 17 മുതൽ 'ആക്ഷൻ' ഒ.ടി.ടിയുടെ ഉദ്‌ഘാടന ചിത്രമായി 'കെഞ്ചിര'യുടെ പ്രദർശനം ആരംഭിച്ചെങ്കിലും സാങ്കേതിക പരിമിതി മൂലം ഉദ്ദേശിച്ച നിലയിൽ പ്രദർശനം സാധ്യമായില്ല. അതിനാൽ പ്രദർശനം നിർത്തിവെച്ചിരുന്നു.
ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ മാത്രം ചിത്രം കൊണ്ടുവന്ന 'ആക്ഷൻ' ഒ.ടി.ടിയുമായി കരാർ റദ്ദാക്കിയെന്നും അവർക്കെതിരെ കേസ് നൽകുമെന്നും മനോജ് കാന പറഞ്ഞു. വൻകിട സിനിമകൾക്ക് മാത്രം പ്രദർശന അനുമതി നൽകുന്ന തീയറ്റർ സംവിധാനം പോലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളും മാറുകയാണ്. താരമൂല്യം ഇല്ലാത്ത സിനിമകൾക്ക് ആമസോൺ പോലുള്ള വൻകിട പ്ലാറ്റ്ഫോമുകളിൽ ഇടം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'കെഞ്ചിര' ആദിവാസി ജനതയുടെ ജീവിത യാഥാർഥ്യങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലുന്ന റിയലിസ്റ്റിക് സിനിമയാണ്. സിനിമയെ രാഷ്ട്രീയമായി സമീപിക്കുന്ന നേര് ഫിലിംസിനെ സംബന്ധിച്ച് ഈ ചലച്ചിത്രം പോരാട്ടവും വ്യവസ്ഥയോടുള്ള കലഹവുമാണെന്നും അദ്ദേഹം പറഞ്ഞു. നേര് സാംസ്‌കാരിക വേദി പ്രസിഡൻറ് പ്രിയേഷ് കുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.