ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗരേഖ; ലൈംഗികാതിക്രമം നടത്തിയവരുടെ പേരുകള്‍ പുറത്തുവരണം -ഫെഫ്ക
text_fieldsഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗരേഖയെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേരുകൾ പുറത്തുവരണമെന്നും കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അതിജീവിതമാർക്ക് പരാതി നൽകുന്നതിനും നിയമനടപടികള്‍ക്ക് സന്നദ്ധമാക്കാനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർ ചർച്ചകൾക്ക് ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി രൂപം കൊടുത്ത മാർഗരേഖ 21 അംഗ സംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റികൾ സെപ്റ്റംബർ രണ്ടു മുതൽ നാലുവരെ ചർച്ച ചെയ്യുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ അറിയിച്ചു. ഈ യോഗങ്ങൾക്കു മുമ്പായി ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ അഭിപ്രായരൂപീകരണം നടക്കുന്നുണ്ട്.
സ്ത്രീകളുടെ കോർ കമ്മിറ്റി തയാറാക്കുന്ന രേഖ, അംഗസംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വിശദമായി ചർച്ച ചെയ്യും. തുടർന്നു തയാറാക്കുന്ന വിശകലന റിപ്പോർട്ട് സർക്കാരിനും പൊതുസമൂഹത്തിനും ലഭ്യമാക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അതിജീവിതമാർക്കു പരാതി നൽകുന്നതിനും നിയമനടപടികള്‍ക്കു സന്നദ്ധമാക്കാനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കും, അന്വേഷണ സംഘത്തെ സമീപിക്കുന്നതിനും തുറന്നു പറയുന്നതിനും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും, കുറ്റാരോപിതർ അറസ്റ്റിലാവുകയോ അന്വേഷണത്തിലോ കോടതി നടപടികളിലോ വ്യക്തമായ കണ്ടെത്തലുകള്‍ ഉണ്ടാവുകയോ ചെ്താൽ സംഘടനാപരമായ അച്ചടക്ക നടപടി സ്വീകരിക്കും.
‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജി വച്ചതിനോട്, ‘ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു’ എന്നാണ് ഫെഫ്ക പ്രതികരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗരേഖ ആയിരിക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഫെഫ്കയുടെ നിശബദ്തയെക്കുറിച്ചുള്ള വിമർശനങ്ങൾ പൂർണമായി ഉൾക്കൊള്ളുമ്പോഴും, ധീരമായ സത്യസന്ധതയുടെയും ആര്‍ജവത്തിന്റെയും വ്യാജപ്രതീതി സൃഷ്ടിക്കുന്ന അകം പൊള്ളയായ വാചാടോപമല്ല, കാലം ആവശ്യപ്പെടുന്ന തിരുത്തലുകളിലേക്കു നയിക്കുന്ന നയപരിപാടികളിൽ എത്തിച്ചേരുക എന്നതാണു പ്രധാനമെന്നു കരുതുന്നതായും ഫെഫ്ക പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.